പാര്‍ട്ടി നടന്ന രാത്രിയിലെ പ്രമുഖന്‍ നടനോ?; ഹോട്ടലുടമ പരിചയപ്പെടുത്തി; മോഡലുകളുടെ മരണത്തില്‍ രഹസ്യവിവരം സ്ഥിരീകരിക്കാനാവാതെ പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2021 10:01 PM  |  

Last Updated: 15th November 2021 10:01 PM  |   A+A-   |  

Anjana_and_Ansi

അഞ്ജന ഷാജന്‍ - ആന്‍സി കബീര്‍

 

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ് അഞ്ജന ഷാജനും അപകടത്തില്‍ മരിച്ച രാത്രിയില്‍ ഇവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലുണ്ടായിരുന്ന പ്രമുഖനെ കുറിച്ച് ലഭിച്ച വിവരം സ്ഥിരീകരിക്കാനാവാതെ പൊലീസ്. മാള സ്വദേശിയാണ് ആ പ്രമുഖനെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടന്ന രാത്രിയില്‍ കാര്‍ ഓടിച്ച അബ്ദുള്‍ റഹിമാനും മാള സ്വദേശിയാണ്.

ആ പ്രമുഖനെ രക്ഷിക്കാനായാണ് സിസി ടിവി ദൃശ്യങ്ങള്‍ പൂഴ്ത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. അയാള്‍ സിനിമാനടനാണെന്നും അല്ല രാഷ്ട്രീയക്കാരനാണെന്നുമാണ് അഭ്യൂഹം. പാര്‍ട്ടിക്ക് പിന്നാലെ മോഡലുകള്‍ പോകാനിടയായ സംഭവത്തെ കുറിച്ചു ഹോട്ടല്‍ ഉടമയ്ക്കു അറിവുണ്ടെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. ഹോട്ടലുടമയുടെ മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമെ പ്രമുഖന് ഈ കേസുമായുള്ള ബന്ധം പുറത്തുവരികയുള്ളു. എന്നാല്‍ ഹോട്ടലുടമ ഇന്നും പൊലീസിന് മുന്നില്‍ ഹാജരാകാന്‍ എത്തിയിരുന്നില്ല.

ബിസിനസ് കാര്യങ്ങളില്‍ ഹോട്ടലുടമയ്ക്ക് വലിയ സഹായം ചെയ്യുന്നയാളാണ് ഇയാളെന്നും ഹോട്ടലില്‍ ഇയാള്‍ക്കായി ഒരുമുറി ഒഴിച്ചിട്ടിരുന്നതായും പൊലീസിന് ലഭിച്ച വിവരങ്ങളില്‍ ഉണ്ടെന്നാണ് സൂചന. കൊല്ലപ്പെട്ട യുവതികളെ സംഭവ ദിവസം രാത്രി ഹോട്ടലുടമ വിഐപിക്കു പരിചയപ്പെടുത്തിയാതായും വിവരമുണ്ട്.

കേസില്‍ ഡ്രൈവര്‍ അബ്ദുല്‍ റഹ്മാന്റെ മൊഴികള്‍ നിര്‍ണായകമാണ്. റഹ്മാനെ 3 ദിവസത്തേക്കാണു പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെങ്കിലും ചോദ്യം ചെയ്യാന്‍ 3 മണിക്കൂര്‍ മാത്രമാണു കോടതി അനുവദിച്ചത്. കെട്ടിട നിര്‍മാതാവു കൂടിയായ ഹോട്ടലുടമ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തിരുന്ന വിഐപിയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ്, നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ ഒളിപ്പിച്ച ശേഷം ഹോട്ടലുടമ ഒളിവില്‍ പോയതെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം.