രണ്ടു മാസത്തിനിടെ എട്ടു ന്യൂനമര്‍ദ്ദങ്ങള്‍, സര്‍വകാല റെക്കോഡ് ഭേദിച്ച് തുലാമഴപ്പെയ്ത്ത്; 45 ദിവസത്തിനിടെ പെയ്തത് 833.8 മില്ലിമീറ്റര്‍ മഴ

45 ദിവസത്തിനിടെ കേരളത്തില്‍ പെയ്തത്  105 ശതമാനം അധികമഴയാണെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ സര്‍വകാല റെക്കോഡ് ഭേദിച്ച് തുലാമഴപ്പെയ്ത്ത്. ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 15 വരെ ലഭിച്ചത് 833.8 മില്ലിമീറ്റര്‍ മഴയാണ്. ഈ കാലയളവില്‍ കേരളത്തില്‍ പെയ്തത്  105 ശതമാനം അധികമഴയാണെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. 

ഒന്നിനു പുറകെ ഒന്നായി തുടരെ ന്യൂനമര്‍ദ്ദങ്ങള്‍, ചക്രവാതച്ചുഴി പുറമേ, ന്യൂനമര്‍ദ്ദപ്പാത്തിയും. ഇതോടെയാണ് കഴിഞ്ഞ 45 ദിവസത്തിനിടെ കേരളം തുലാമഴയില്‍ റെക്കോഡിട്ടത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ ലഭിക്കേണ്ടത് 407.2 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍ പെയ്തത് 833.8 മി മീറ്ററും. തുലാവര്‍ഷം പകുതിയായപ്പോഴാണ് ഇത്രയധികം മഴ ലഭിച്ചത്. 

സര്‍വകാല റെക്കോഡ്

2010 ല്‍ ലഭിച്ച 822.9 മില്ലി മീറ്റര്‍ മഴയെന്ന ഇതുവരെയുള്ള റെക്കോഡാണ് ഇത്തവണ തിരുത്തിയത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വര്‍ഷത്തെ കണക്ക് അനുസരിച്ച് തുലാമഴ 800 മില്ലിമീറ്ററില്‍ കൂടുതല്‍ ലഭിച്ചത് ഇതിന് മുമ്പ് രണ്ടു തവണ മാത്രമാണ്. 2010 ലും 1977ലും. 1977ല്‍ 809.1 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. 

തുടര്‍ ന്യൂനമര്‍ദങ്ങള്‍

ഇനിയും ന്യൂനമര്‍ദ്ദങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ നിഗമനത്തിന്റെ പശ്ചാത്തലത്തില്‍ തുലാവര്‍ഷമഴ ശക്തമായി തുടര്‍ന്നേക്കും. ഇത്രയേറെ ദിവസം അമിതമഴ ഉണ്ടാക്കിയ തുടര്‍ ന്യൂനമര്‍ദങ്ങള്‍ സംസ്ഥാനത്ത് സമീപകാലത്തൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഒക്ടോബറിലും നവംബറിലുമായി ഇതേ വരെ ചെറുതും വലുതുമായ എട്ട് ന്യൂനമര്‍ദങ്ങളാണ് കടലില്‍ രൂപപ്പെട്ടത്. 

ഇതില്‍ രണ്ട് മൂന്ന് ദിവസം നിലനിന്നതുമുതല്‍ നാല്-അഞ്ചുദിവസം നീണ്ടതു വരെയുണ്ട്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായിട്ടാണ് ഇവയെല്ലാം രൂപപ്പെട്ടത്. 18 വരെ ഈ പ്രതിഭാസം തുടരാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അറബിക്കടലിന്റെ താപനില കൂടിനില്‍ക്കുന്നതാണ് ഇത്തരം പ്രതിഭാസങ്ങള്‍ക്ക് കാരണം. 

കൂമ്പാരമേഘങ്ങള്‍ ഉണ്ടാകുന്നു

28 ഡിഗ്രിസെല്‍ഷ്യസില്‍നിന്ന് 29 വരെ താപനില ഉയരുന്നുണ്ട്. ഇതുമൂലം തുടര്‍ച്ചയായി നീരാവി രൂപപ്പെട്ട് കൂമ്പാരമേഘങ്ങള്‍ ഉണ്ടാകുന്നു. പടിഞ്ഞാറുനിന്ന് കിഴക്കോട്ടുള്ള ന്യൂനമര്‍ദ പാത്തിയും കൂടി വരുന്നതോടെ മഴ അതിശക്തമാകുന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപം കൊള്ളുന്ന ന്യൂനമര്‍ദച്ചുഴിയുടെ സ്വാധീനത്താല്‍ മേഘങ്ങള്‍ പടിഞ്ഞാറുനിന്ന് കിഴക്കോട്ടു സഞ്ചരിക്കുന്നു. ഇതിനിടെ ചിലയിടത്ത് കേന്ദ്രീകരിക്കുന്നതോടെയാണ് അതിതീവ്രമഴപ്പെയ്ത്ത് ഉണ്ടാകുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com