സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2021 06:46 AM  |  

Last Updated: 16th November 2021 06:48 AM  |   A+A-   |  

Isolated showers likely in the state today

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാകും ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. തെക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഇടിമിന്നലിനും ഒറ്റപ്പെട്ട അതിശക്ത മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.  മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളിലുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. 

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും

അറബിക്കടലിലെ ചക്രവാതച്ചുഴിയും, അനുബന്ധ ന്യൂനമര്‍ദ്ദപാത്തിയുമാണ് നിലവില്‍ ശക്തമായ മഴ കിട്ടാന്‍ കാരണം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം വ്യാഴാഴ്ചയോടെ   തമിഴ്‌നാട് ആന്ധ്രാ തീരത്ത് പ്രവേശിക്കും.

കടലില്‍ പോകരുത്

ബുധനാഴ്ചയോടെ അറബികടലില്‍  മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെടും. രണ്ട് ന്യൂനമര്‍ദ്ദവും കേരളത്തെ കാര്യമായി ബാധിക്കാന്‍ സാധ്യത ഇല്ലെന്നാണ് നിലവിലെ നിഗമനം.  മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.