മോഡലുകളുടെ അപകടമരണം; 'നമ്പര്‍ 18' ഹോട്ടല്‍ ഉടമ അറസ്റ്റില്‍; നിര്‍ണായക വഴിത്തിരിവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2021 06:55 PM  |  

Last Updated: 17th November 2021 07:04 PM  |   A+A-   |  

Anjana_and_Ansi

അഞ്ജന ഷാജന്‍ - ആന്‍സി കബീര്‍

 

കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഹോട്ടലുടമ അറസ്റ്റില്‍. 'നമ്പര്‍ 18' ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെയും അഞ്ച് ജീവനക്കാരെയുമാണ് പാലാരിവട്ടം പൊല് അറസ്റ്റ് ചെയ്തത്. ഹോട്ടലിലെ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ നശിപ്പിച്ചതിനാണ് അറസ്റ്റ്.

അതേസമയം മോഡലുകളുടെ അപകടമരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സി കബീറിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ വിപുലമായ അന്വേഷണം ആവശ്യപ്പെട്ടാണ് അന്‍സി കബീറിന്റെ കുടുംബം പാലാരിവട്ടം പൊലീസിന് പരാതി നല്‍കിയത്. നമ്പര്‍ 18 ഹോട്ടലുടമ റോയിയുടെ ഇടപെടലുകളില്‍ സംശയമുണ്ടെന്നും ഹോട്ടലിലെ ദൃശ്യങ്ങള്‍ റോയി നശിപ്പിച്ചെന്നാണ് പൊലീസ് തങ്ങളെ അറിയിച്ചതെന്നും അന്‍സിയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. 

അന്‍സിയുടെ കാറിനെ മറ്റൊരു കാര്‍ പിന്തുടര്‍ന്നത് എന്തിനെന്ന് അറിയണം. റോയിയെ നേരത്തെ അറിയില്ല. ഇയാളെക്കുറിച്ച് യാതൊരു ധാരണയുമില്ല. പോലീസിന്റെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ പുറത്തുവരാത്തത് എന്തുകൊണ്ടാണെന്നാണ് ചോദ്യം. ദൃശ്യങ്ങള്‍ നശിപ്പിച്ചിട്ടും റോയിക്കെതിരേ പൊലീസ് നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അന്‍സിയുടെ ബന്ധുക്കള്‍ ചോദിച്ചു. 

അതിനിടെ, അന്‍സി കബീറും അന്‍ജന ഷാജനും സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ മാള സ്വദേശി അബ്ദുള്‍ റഹ്മാന്‍ ബുധനാഴ്ച വൈകിട്ടോടെ ജാമ്യത്തിലിറങ്ങി. കേസില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരുന്നത്. ഇതില്‍ ജാമ്യം ലഭിച്ചതോടെയാണ് കാക്കനാട് ജയിലില്‍നിന്ന് അബ്ദുള്‍ റഹ്മാന്‍ പുറത്തിറങ്ങിയത്. ജയില്‍മോചിതനായ ഇയാളെ കൂട്ടിക്കൊണ്ടുപോകാന്‍ സുഹൃത്തുക്കളും കാക്കനാട് ജയിലില്‍ എത്തിയിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാതെ ഉടന്‍തന്നെ ഇവര്‍ കാറില്‍ മടങ്ങി. 

അതേസമയം, നമ്പര്‍ 18 ഹോട്ടലിലെ മറ്റൊരു ഡി.വി.ആര്‍. പെലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. കഴിഞ്ഞദിവസം ഒരു ഡി.വി.ആര്‍. മാത്രമാണ് ഹോട്ടലുടമ ഹാജരാക്കിയത്. ഇതില്‍ ഡി.ജെ. പാര്‍ട്ടിയുടെ ദൃശ്യങ്ങളുണ്ടായിരുന്നില്ല. ബുധനാഴ്ച റോയി വയലാട്ടുമായി ഹോട്ടലില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഈ പരിശോധനയിലും ഡി.ജെ. പാര്‍ട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍. കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.