ശബരിമല ദര്‍ശനത്തിന് ഇന്നു മുതല്‍ സ്‌പോട്ട് ബുക്കിംഗ്; ഈ സൗകര്യം ലഭ്യമായ 10 കേന്ദ്രങ്ങള്‍ ഇവയെല്ലാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2021 09:38 AM  |  

Last Updated: 18th November 2021 09:47 AM  |   A+A-   |  

sabarimala

ഫയല്‍ ചിത്രം


കൊച്ചി: ശബരിമല ദര്‍ശനം സുഗമമമാക്കാന്‍ ഇന്നു മുതല്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യം. സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. പത്ത് ഇടത്താവളങ്ങളിലാണ് സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയത്. വെര്‍ച്വല്‍ ക്യൂവിലൂടെ മുന്‍കൂര്‍ ബുക്ക് ചെയ്യാത്ത തീര്‍ത്ഥാടകര്‍ക്ക് ഈ  സംവിധാനം പ്രയോജനപ്പെടുത്താം. 

ആധാര്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐ ഡി എന്നിവയ്ക്കു പുറമേ പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. രണ്ടു ഡോസ് വാക്‌സിനുമെടുത്തെന്ന സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിങ്ങിനും പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയുന്നവിധം സോഫ്റ്റ് വെയറില്‍ മാറ്റംവരുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 

പത്ത് ഇടത്താവളങ്ങളില്‍ സൗകര്യം

എരുമേലി, നിലയ്ക്കല്‍, കുമളി എന്നീ കേന്ദ്രങ്ങള്‍ക്ക് പുറമെ തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, ഏറ്റുമാനൂര്‍ ശ്രീമഹാദേവ ക്ഷേത്രം, വൈക്കം ശ്രീമഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കല്‍ ക്ഷേത്രം പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, കീഴില്ലം ശ്രീമഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലാണ് സ്‌പോട്ട് ബുക്കിംഗ് സജ്ജമാക്കിയിരിക്കുന്നത്.