മോഡലുകള്‍ മരിച്ച രാത്രി ഹോട്ടലില്‍ വിലാസം നല്‍കാതെ തങ്ങിയതാര്?; അന്വേഷണം

മിസ് കേരള ജേതാക്കളായ മോഡലുകള്‍ മരിച്ച ദിവസം രാത്രിയില്‍ ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ പേരും മേല്‍വിലാസവും രേഖപ്പെടുത്താതെ മുറിയെടുത്തവര്‍ക്കായി അന്വേഷണം
അഞ്ജന ഷാജന്‍ - ആന്‍സി കബീര്‍
അഞ്ജന ഷാജന്‍ - ആന്‍സി കബീര്‍


തിരുവനന്തപുരം: മിസ് കേരള ജേതാക്കളായ മോഡലുകള്‍ മരിച്ച ദിവസം രാത്രിയില്‍ ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ പേരും മേല്‍വിലാസവും രേഖപ്പെടുത്താതെ മുറിയെടുത്തവര്‍ക്കായി അന്വേഷണം. ഹോട്ടലിലെ 208, 218 നമ്പര്‍ മുറികളില്‍ തങ്ങിയിരുന്നവരിലേക്കാണ് അന്വേഷണം നീങ്ങുന്നത്. ഹോട്ടലിലെ റജിസ്റ്ററില്‍ പേരും വിലാസവും രേഖപ്പെടുത്താതെ റോയിയുടെ സമ്മതത്തോടെ ചിലര്‍ ഈ മുറികളില്‍ ഇടയ്ക്കു തങ്ങിയിരുന്നതായി പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മോഡലുകള്‍ നിശാപാര്‍ട്ടിക്കു വന്ന നവംബര്‍ ഒന്നിനു രാത്രിയിലും ഈ മുറികളില്‍ താമസക്കാരുണ്ടായിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇവരുടെ പേരുവിവരങ്ങള്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. ഈ മുറികളുടെ വാതിലുകള്‍ വ്യക്തമായി കാണാവുന്ന രണ്ടാം നിലയിലെ ഇടനാഴിയിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.

ഹോട്ടല്‍ ഉടമ അറസ്റ്റില്‍;നിര്‍ണായകവഴിത്തിരിവ്

കേസില്‍ ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെയും അഞ്ച് ജീവനക്കാരെയും പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ നശിപ്പിച്ചതിനാണ് അറസ്റ്റ്. അതേസമയംമോഡലുകളുടെ അപകടമരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സി കബീറിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ വിപുലമായ അന്വേഷണം ആവശ്യപ്പെട്ടാണ് അന്‍സി കബീറിന്റെ കുടുംബം പാലാരിവട്ടം പൊലീസിന് പരാതി നല്‍കിയത്. നമ്പര്‍ 18 ഹോട്ടലുടമ റോയിയുടെ ഇടപെടലുകളില്‍ സംശയമുണ്ടെന്നും ഹോട്ടലിലെ ദൃശ്യങ്ങള്‍ റോയി നശിപ്പിച്ചെന്നാണ് പൊലീസ് തങ്ങളെ അറിയിച്ചതെന്നും അന്‍സിയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

'മറ്റൊരു കാര്‍ പിന്തുടര്‍ന്നത് എന്തിനെന്ന് അറിയണം'

അന്‍സിയുടെ കാറിനെ മറ്റൊരു കാര്‍ പിന്തുടര്‍ന്നത് എന്തിനെന്ന് അറിയണം. റോയിയെ നേരത്തെ അറിയില്ല. ഇയാളെക്കുറിച്ച് യാതൊരു ധാരണയുമില്ല. പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ പുറത്തുവരാത്തത് എന്തുകൊണ്ടാണെന്നാണ് ചോദ്യം. ദൃശ്യങ്ങള്‍ നശിപ്പിച്ചിട്ടും റോയിക്കെതിരേ പൊലീസ് നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അന്‍സിയുടെ ബന്ധുക്കള്‍ ചോദിച്ചു.

ഡ്രൈവര്‍ ജാമ്യത്തിലിറങ്ങി

അതിനിടെ, അന്‍സി കബീറും അന്‍ജന ഷാജനും സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ മാള സ്വദേശി അബ്ദുള്‍ റഹ്മാന്‍ ബുധനാഴ്ച വൈകിട്ടോടെ ജാമ്യത്തിലിറങ്ങി. കേസില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരുന്നത്. ഇതില്‍ ജാമ്യം ലഭിച്ചതോടെയാണ് കാക്കനാട് ജയിലില്‍നിന്ന് അബ്ദുള്‍ റഹ്മാന്‍ പുറത്തിറങ്ങിയത്. ജയില്‍മോചിതനായ ഇയാളെ കൂട്ടിക്കൊണ്ടുപോകാന്‍ സുഹൃത്തുക്കളും കാക്കനാട് ജയിലില്‍ എത്തിയിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാതെ ഉടന്‍തന്നെ ഇവര്‍ കാറില്‍ മടങ്ങി.

അതേസമയം, നമ്പര്‍ 18 ഹോട്ടലിലെ മറ്റൊരു ഡിവിആര്‍ പെലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. കഴിഞ്ഞദിവസം ഒരു ഡിവിആര്‍ മാത്രമാണ് ഹോട്ടലുടമ ഹാജരാക്കിയത്. ഇതില്‍ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളുണ്ടായിരുന്നില്ല. ബുധനാഴ്ച റോയി വയലാട്ടുമായി ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഈ പരിശോധനയിലും ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഡിവിആര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com