തെറ്റായ ഉദ്ദേശത്തോടെ ഹോട്ടലില്‍ തങ്ങാന്‍ മോഡലുകളെ നിര്‍ബന്ധിച്ചു; ഡിജെ പാര്‍ട്ടിക്ക് മുമ്പായി ക്യാമറ 'ഓഫായി'; സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്ന് പരിശോധിക്കണം; പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2021 08:33 AM  |  

Last Updated: 19th November 2021 08:54 AM  |   A+A-   |  

ancy and anjana

ആൻസി കബീർ, അഞ്ജന ഷാജൻ/ ഫയൽ

 

കൊച്ചി: കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ലഹരി ഇടപാടുകള്‍ നടന്നോയെന്ന് അന്വേഷിക്കണമെന്ന് പൊലീസ്.  പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഹോട്ടലില്‍ മദ്യവും മയക്കുമരുന്നും വിളമ്പി. ആരുടെയെങ്കിലും സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്ന് പരിശോധിക്കണം. ഹോട്ടല്‍ കേന്ദ്രീകരിച്ച് ലഹരി ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണം. രഹസ്യ ഇടപാടുകള്‍ ഒളിപ്പിക്കാനാണ് ഡിവിആര്‍ നശിപ്പിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

കേസിലെ രണ്ടാം പ്രതിയായ ഹോട്ടല്‍ ഉടമ റോയി ജോസഫ് വയലാട്ട് യുവതികള്‍ അടക്കമുള്ളവര്‍ക്ക് മദ്യവും മയക്കുമരുന്നും നല്‍കിയതായി പൊലീസ് ആരോപിക്കുന്നു. ഇതു മറച്ചുവെക്കാനാണ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്‌കും റോയിയും ഹോട്ടല്‍ ജീവനക്കാരായ പ്രതികളും ചേര്‍ന്ന് നശിപ്പിച്ചത്. ഡിവിആര്‍ കണ്ണങ്കര പാലത്തില്‍ നിന്നും കായലിലേക്ക് വലിച്ചെറിയുകയായിരുന്നു. ഹോട്ടലില്‍ നിന്നും ഡിവിആര്‍ മാറ്റിയശേഷം കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് സ്ഥാപിക്കുകയും ചെയ്തു. ആസൂത്രിതമായ നീക്കം നടന്നിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.  

ഹോട്ടലിലെ റൂഫ് ടോപ്പിലായിരുന്നു ഡിജെ പാര്‍ട്ടി നടന്നത്. ഡിജെ പാര്‍ട്ടിക്ക് മുമ്പായി ഉച്ചയ്ക്ക് മൂന്നമേുക്കാലോടെ റൂഫ് ടോപ്പിലേക്കുള്ള സിസിടിവി ക്യാമറകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നു. ഡിജെ പാര്‍ട്ടിക്കിടെ റോയിയും സൈജു തങ്കച്ചനും മോഡലുകളോട് തെറ്റായ ഉദ്ദേശത്തോടുകൂടി ഹോട്ടലില്‍ തങ്ങാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇവര്‍ വഴങ്ങിയില്ല.

കുണ്ടന്നൂരില്‍ വെച്ച് തര്‍ക്കമുണ്ടാകുന്നു

രാത്രി 12.30 ഓടെ യുവതികള്‍ അടക്കമുള്ളവര്‍ ഹോട്ടലിന് പുറത്തിറങ്ങി. ഹോട്ടലിന് പുറത്തുവെച്ചും റോയിയും മറ്റുള്ളവരും യുവതികളോട് ഹോട്ടലില്‍ തന്നെ തങ്ങാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ വഴങ്ങാതെ യുവതികള്‍ കാറില്‍ ഹോട്ടലിന് പുറത്തേക്ക് പോയി. തൊട്ടുപിറകെ, സൈജു ഓഡി കാറില്‍ യുവതികളെ പിന്തുടര്‍ന്നു. സൈജു പിന്തുടരുന്നത് കണ്ട റഹ്മാന്‍ കുണ്ടന്നൂരില്‍ വെച്ച് കാര്‍ നിര്‍ത്തി. ഇവിടെ വെച്ചും ഹോട്ടലിലോ ലോഡ്ജിലോ മുറിയെടുക്കാമെന്ന് സൈജു പറഞ്ഞു. ഇതേച്ചൊല്ലി തര്‍ക്കമുണ്ടാകുന്നു. 

എന്നാല്‍ വഴങ്ങാതെ യുവതികള്‍ അടങ്ങുന്ന സംഘം മുന്നോട്ടുപോയി. ഇതേത്തുടര്‍ന്നാണ് കാര്‍ ചേസിങ്ങ് നടക്കുന്നത്. പലവട്ടം ഇരുകാറുകളും പരസ്പരം മറികടന്നു. ഒടുവില്‍ വൈറ്റില ചക്കരപ്പറമ്പില്‍ വെച്ച് മോഡലുകള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപ്പള്ളിയില്‍ വെച്ച് കാര്‍ കാണാതിരുന്നതിനെ തുടര്‍ന്ന് സൈജു തിരികെ അപകടം നടന്ന സ്ഥലത്തെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കേസിലെ പ്രതികളായ ഹോട്ടല്‍ ഉടമ റോയി വയലാട്ട് അടക്കമുള്ള ആറുപ്രതികള്‍ക്ക് ജാമ്യം നല്‍കിയ മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനും പൊലീസ് ആലോചിക്കുന്നുണ്ട്. പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.  നിര്‍ണായക ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പ്രതികള്‍ നഷ്പ്പിച്ചെന്നും ഇതില്‍ ഏതാണ് ഉള്ളതെന്ന് അറിയാന്‍ പ്രതികളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യണം എന്നും അന്വേഷണസംഘം കോടതിയെ അറിയിക്കും. 

സൈജുവിനെ കസ്റ്റഡിയിലെടുത്തേക്കും

എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല. നിലവില്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെകൂടി ഉള്‍പ്പെടുത്തിയാണ് പുതിയ ടീം രൂപീകരിച്ചിട്ടുള്ളത്. ഹോട്ടലിലെ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത ഏതാനും പേരെ കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ പേരെ കൂടി ഇന്ന് ചോദ്യം ചെയ്യുമെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയെങ്കിലും മോഡലുകളെ പിന്തുടര്‍ന്ന കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചനെ കസ്റ്റഡിയിലെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

മിസ് സൗത്ത് ഇന്ത്യയും മുന്‍ മിസ് കേരളയുമായ അന്‍സി കബീര്‍, മുന്‍ മിസ് കേരള റണ്ണറപ് അഞ്ജന ഷാജന്‍, ഇവരുടെ സുഹൃത്ത് കെ.എ. മുഹമ്മദ് ആഷിഖ് എന്നിവരാണ് നവംബർ ഒന്നിന് പുലർച്ചെ വൈറ്റില ദേശീയപാതയിൽ അപകടത്തില്‍ മരിച്ചത്.