മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളലുകള്‍ ഇല്ല, ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ അനുവദിക്കണം; തമിഴ്‌നാട് സുപ്രീംകോടതിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2021 05:42 PM  |  

Last Updated: 19th November 2021 05:42 PM  |   A+A-   |  

Mullaperiyar case

മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍

 

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളലുകള്‍ ഇല്ലെന്ന് തമിഴ്‌നാട് സുപ്രീംകോടതിയില്‍. ചെറിയ ഭൂചലനങ്ങള്‍ കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളല്‍ ഉണ്ടായിട്ടില്ല. അതിനാല്‍ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ അനുവദിക്കണമെന്ന് കാട്ടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.

മുല്ലപ്പെരിയാര്‍ കേസ് അടുത്തയാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണ് തമിഴ്‌നാടിന്റെ പുതിയ നീക്കം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളലുകള്‍ ഇല്ലെന്ന് സുപ്രീംകോടതിയെ അറിയിച്ച തമിഴ്‌നാട്, അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യുന്നത് കൊണ്ട് യാതൊരുവിധ സുരക്ഷാഭീഷണിയുമില്ലെന്നും തമിഴ്‌നാട് വാദിക്കുന്നു. 

മുല്ലപ്പെരിയാറിലെ മരംമുറിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന് മറുപടി നല്‍കാന്‍ സമയം നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ് പരിഗണിക്കുന്നത് അടുത്തയാഴ്ചയിലേക്ക് മാറ്റിയത്. അതിനിടെയാണ് പുതിയ സത്യവാങ്മൂലം തമിഴ്‌നാട് സമര്‍പ്പിച്ചത്. ഇതോടെ ഇതിന് കൂടി സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സുപ്രീംകോടതിയിലെ കേസ് നീട്ടി കൊണ്ടുപോകാന്‍ തമിഴ്‌നാട് ശ്രമിക്കുകയാണ് എന്ന തരത്തില്‍ ആക്ഷേപങ്ങളും ഉയരുന്നുന്നുണ്ട്.