ഉത്രക്കേസ് അന്വേഷണത്തില്‍ അലംഭാവം, വകുപ്പുതല അന്വേഷണം; ആലുവ സിഐക്കെതിരെ മുമ്പും നടപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2021 03:21 PM  |  

Last Updated: 23rd November 2021 03:30 PM  |   A+A-   |  

aluva police

ഫയല്‍ ചിത്രം

 


കൊച്ചി: ആലുവ എടയപ്പുറത്തെ നിയമവിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ നടപടി നേരിട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി എല്‍ സുധീര്‍ മുമ്പും വകുപ്പു തല നടപടിക്ക് വിധേയനായിട്ടുണ്ട്. അഞ്ചല്‍ സിഐ ആയിരിക്കെ ഉത്ര വധക്കേസില്‍ അന്വേഷണത്തില്‍ അലംഭാവം കാട്ടിയതിന് ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നു. കേസില്‍ വകുപ്പുതല അന്വേഷണം തുടരുകയാണ്. 

ഉത്രക്കേസില്‍ സിഐക്കെതിരെ എസ്പിക്ക് പരാതി

ഉത്ര വധക്കേസില്‍ പരാതി നല്‍കിയിട്ടും ഗൗരവത്തോടെയുള്ള അന്വേഷണം സിഐ സുധീര്‍ നടത്തിയില്ല എന്ന് ഉത്രയുടെ മാതാപിതാക്കള്‍ കൊല്ലം എസ്പിക്ക് പരാതി നല്‍കിയിരുന്നു. ഉത്രയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ എഎസ്‌ഐ ജോയി എന്ന ഉദ്യോഗസ്ഥന് മരണത്തില്‍ സംശയം തോന്നിയിരുന്നു. ഇക്കാര്യം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുകയും പാമ്പിനെ കുഴിച്ചിടരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു. കൂടാതെ ഉത്രയുടെ രക്തം രാസപരിശോധനയ്ക്ക് അയക്കുകയും ചെയ്തു. 

എന്നാല്‍ ഇക്കാര്യങ്ങളൊന്നും മുഖവിലക്കെടുക്കാന്‍ കൂട്ടാക്കാതെ സിഐ, ഉത്രയുടേത് പാമ്പുകടിയേറ്റുള്ള മരണമാണെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചതെന്ന് ഉത്രയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് കേസന്വേഷണം എസ്പി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്  ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് ഉത്രയെ കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. 

ഇന്‍ക്വസ്റ്റിന് മൃതദേഹം വീട്ടിലേക്ക് വിളിച്ചു വരുത്തി

അഞ്ചലില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍, ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മൃതദേഹങ്ങള്‍  വീട്ടിലേക്ക് വിളിച്ചുവരുത്തിയത് വിവാദമായിരുന്നു. ഇൻക്വസ്റ്റിനായി സ്വന്തം വീട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടു വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് വിവാദമായതോടെയാണ് സുധീറിനെ എറണാകുളം റൂറലിലേക്ക് സ്ഥലംമാറ്റിയത്. 

അവഹേളിച്ചുവെന്ന് ആത്മഹത്യാക്കുറിപ്പില്‍ മൊഫിയ പര്‍വീണ്‍

ആലുവ എടയപ്പുറം സ്വദേശി മൊഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധീറിനെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റി. യുവതി ജീവനൊടുക്കിയ സംഭവം ഡിവൈഎസ്പി അന്വേഷിക്കുമെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക് അറിയിച്ചു. യുവതിയുടെ ആത്മഹത്യ അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും എസ്പി പറഞ്ഞു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാന്‍ എത്തിയപ്പോള്‍, പൊലീസ് അവഹേളിച്ചുവെന്ന് യുവതി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു.