മോഫിയയുടെ മരണം: സിഐയെ ചുമതലകളിൽ നിന്ന് നീക്കി; ഡിവൈഎസ്പി അന്വേഷിക്കും; സസ്പെൻഡ് ചെയ്യണമെന്ന് കുടുംബം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2021 01:47 PM  |  

Last Updated: 23rd November 2021 01:51 PM  |   A+A-   |  

mofiya parveen suicide: DySP to investigate

മോഫിയ പർവീൺ / ടെലിവിഷൻ ദൃശ്യം

 

കൊച്ചി: ഗാര്‍ഹിക പീഡനത്തിന് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ യുവതി ജീവനൊടുക്കിയ സംഭവം ഡിവൈഎസ്പി അന്വേഷിക്കുമെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക് അറിയിച്ചു. യുവതിയുടെ ആത്മഹത്യ അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കടുത്ത ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധീറിനെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റുമെന്നും എസ്പി അറിയിച്ചു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാന്‍ എത്തിയപ്പോള്‍, പൊലീസ് അവഹേളിച്ചുവെന്ന് യുവതി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. 

ആലുവ എടയപ്പുറം സ്വദേശിനിയായ മോഫിയ പര്‍വീണ്‍ ആണ് ആത്മഹത്യ ചെയ്തത്. 21 കാരിയയാ മോഫിയ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയാണ്. ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ ഇന്നലെ ആലുവ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തിരികെ വീട്ടിലെത്തിയ ശേഷമാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെയുള്ള പരാതിയില്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് മൊഫിയയെ ഒത്തു തീര്‍പ്പിന് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കിടെ മൊഫിയയും ഭര്‍തൃ വീട്ടുകാരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഭര്‍ത്താവിനെ അടിച്ചതായും പൊലീസ് പറയുന്നു. സ്‌റ്റേഷനില്‍ വെച്ച് ഇത്തരം കാര്യങ്ങള്‍ പാടില്ല എന്ന് താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. 

എന്നാല്‍ ചര്‍ച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചെന്നും ഇത് മാനസികമായി ഏറെ പ്രയാസമുണ്ടാക്കിയെന്നും യുവതി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഇതുമൂലം ജീവനൊടുക്കുകയാണെന്ന് യുവതി കത്തില്‍ വ്യക്തമാക്കി. 

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൈല്‍ എന്നയാളെയാണ് മൊഫിയ വിവാഹം കഴിച്ചത്. രണ്ട് മാസം മുമ്പാണ് സുഹൈല്‍ മോഫിയയ്ക്ക് തലാഖ് ചൊല്ലി നോട്ടീസയക്കുന്നതെന്ന് കുടുംബം പറയുന്നു. ഇതോടൊപ്പം 2500 രൂപയും അയച്ചിരുന്നു. ഇതും പരാതിയായി പൊലീസിന് നല്‍കിയിരുന്നു. 

എന്നാല്‍ ഗാര്‍ഹികപീഡനം അടക്കം ഒരു പരാതിയും പൊലീസ് കാര്യമായി എടുത്തില്ലെന്ന് മോഫിയ പര്‍വീണിന്റെ അച്ഛന്‍ പറയുന്നു. മോശമായി പെരുമാറിയ സിഐയെ സസ്‌പെന്‍ഡ് ചെയ്യാതെ ഒരു അന്വേഷണത്തോടും സഹകരിക്കില്ലെന്നും മോഫിയയുടെ കുടുംബം വ്യക്തമാക്കി.