'പനിയുടെ ലക്ഷണങ്ങള്‍, ബാങ്കില്‍ പോകാന്‍ കാലതാമസം വന്നേക്കും എന്നുകരുതി'; അഞ്ചു കോടിയുടെ ഭാഗ്യവാന്‍ 'ഞാന്‍' തന്നെ, ലോട്ടറി ഏജന്റിന്റെ വെളിപ്പെടുത്തല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2021 05:18 PM  |  

Last Updated: 23rd November 2021 05:18 PM  |   A+A-   |  

POOJA BUMPER LOTTERY RESULT

യാക്കോബ് കുര്യന്‍

 

കൊച്ചി: പൂജാ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ അഞ്ചുകോടി ആര്‍ക്ക് എന്ന ചോദ്യം കഴിഞ്ഞ രണ്ടുദിവസമായി കേരളത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നതിനിടെ, ആ ഭാഗ്യവാന്‍ താന്‍ തന്നെയാണ് എന്ന വെളിപ്പെടുത്തലുമായി ലോട്ടറി ഏജന്റ് യാക്കോബ് കുര്യന്‍. തനിക്കു പനിയുടെ ചില ലക്ഷണങ്ങളുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ബാങ്കില്‍ പോകാന്‍ കാലതാമസം വന്നേക്കും എന്നു കരുതിയാണ് ഭാഗ്യമെത്തിയ കാര്യം വെളിപ്പെടുത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കൂത്താട്ടുകുളം കിഴകൊമ്പിലെ ഏജന്റായ യാക്കോബ് കുര്യന്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ അഞ്ചുകോടി ലഭിച്ചത് എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അഞ്ചു കോടിയുടെ ടിക്കറ്റ് തന്റെ പക്കല്‍ ആയിരുന്നെന്നും ടിക്കറ്റ് ഇന്ന് കനറാ ബാങ്കിലെ കൂത്താട്ടുകുളം ശാഖയില്‍ ഏല്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു. 

പൂജാ ബംപര്‍ ഒന്നാം സമ്മാനം കൂത്താട്ടുകുളത്ത് ആര്‍എ 591801 എന്ന ടിക്കറ്റില്‍ അടിച്ചിട്ടുണ്ട് എന്നു മാത്രമായിരുന്നു ആദ്യം പുറത്തു വന്ന വിവരം. ടിക്കറ്റ് വിറ്റത് യാക്കോബിന്റെ കടയില്‍ നിന്നാണെന്നും വ്യക്തമായിരുന്നു. രണ്ടു ദിവസമായിട്ടും ജേതാവിനെ കണ്ടെത്താനാകാതെ വന്നതോടെ മറ്റെവിടെ നിന്നെങ്കിലും എത്തിയവര്‍ വാങ്ങിയ ടിക്കറ്റിനാവാം സമ്മാനം എന്നും സംശയിച്ചു.

കൂത്താട്ടുകുളത്തെ മൊത്ത വിതരണ ഏജന്‍സിയില്‍നിന്നു വാങ്ങിയ പത്തു ടിക്കറ്റുകള്‍ 15 ദിവസം കൊണ്ടാണ് വിറ്റു തീര്‍ന്നത്. അതിനാല്‍ ടിക്കറ്റ് വാങ്ങിയവരെ ഓര്‍ത്തെടുക്കാനാവുന്നില്ല എന്നായിരുന്നു യാക്കോബിന്റെ ആദ്യ വിശദീകരണം.