കൈലിമുണ്ടിൽ തൂങ്ങിമരിച്ചു, മുണ്ടറുത്തു താഴെയിട്ടെന്ന് ഭാര്യയും അമ്മയും; ഭാര്യവീടിന്റെ മുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്റേത് ആത്മഹത്യ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2021 06:49 AM  |  

Last Updated: 23rd November 2021 06:49 AM  |   A+A-   |  

found_dead

അഷ്കർ മുഹമ്മദ്

 

ആലപ്പുഴ: ഭാര്യവീടിന്റെ മുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കോട്ടയം ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശി അഷ്കർ മുഹമ്മദിനെയാണു (23) ഭാര്യയായ മഞ്ജുവിന്റെ വീടിന്റെ മുറ്റത്തു മരിച്ചനിലയിൽ കണ്ടത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. മൃതദേഹത്തിൽ കഴുത്തിന്റെ ഭാ​ഗത്തായി ചില പാടുകൾ കണ്ടെത്തിയിരുന്നു. 

മുണ്ടറുത്തു താഴെയിട്ടു

അഷ്കർ രാവിലെ നാലുമണിക്ക് വീടിനു പുറത്തേക്ക് ഇറങ്ങിയ ശേഷം മടങ്ങിവന്നില്ല. തുടർന്നു നടത്തിയ തിരച്ചിലിൽ ആറരയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിനു സമീപത്തെ ഷെഡിൽ കൈലിമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ട അഷ്കറിനെ മുണ്ടറുത്തു താഴെയിടുകയായിരുന്നുവെന്ന് ഭാര്യ മഞ്ജുവും മാതാവ് വിജയമ്മയും പൊലീസിനോടു സമ്മതിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചത്. മൃതദേഹം കണ്ടെത്തിയപ്പോൾ മരിച്ചതെങ്ങനെയാണെന്ന് അറിയില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്. 

ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

മഞ്ജുവും വിജയമ്മയും അഷ്കറുമായി പതിവായി വഴക്കിട്ടിരുന്നുവെന്നു പൊലീസ് പറഞ്ഞു. തൂങ്ങിമരിച്ച ഷെഡിന്റെ ഭിത്തിയിൽ അലക്കുസോപ്പ് ഉപയോഗിച്ചെഴുതിയ ആത്മഹത്യക്കുറിപ്പും കണ്ടെത്തി. കൈലിമുണ്ട് സമീപത്തെ തോട്ടിൽനിന്നു കണ്ടെടുത്തു. 

സമൂഹമാധ്യമം വഴി പരിചയപ്പെട്ട് വിവാഹം

മൂന്നുമാസം മുൻപാണ് സമൂഹമാധ്യമം വഴി പരിചയപ്പെട്ട മഞ്ജുവിനെ അഷ്കർ വിവാഹം ചെയ്തത്. വിദേശത്തായിരുന്ന അഷ്കർ മടങ്ങിയെത്തിയ ശേഷം എറണാകുളത്ത് ഡ്രൈവറായി ജോലി നോക്കുന്നതിനിടയിലായിരുന്നു ഇരുവരുടെയും വിവാഹ. മഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്. ഒന്നര മാസത്തോളം കൊച്ചിയിൽ താമസിച്ച ഇവർ പിന്നീട് മഞ്ജുവിന്റെ വീട്ടിലേക്കു താമസം മാറി. മഞ്ജുവും അമ്മ വിജയമ്മയും മാത്രമാണു വീട്ടിലുള്ളത്.