മുന്‍ സ്പീക്കറുടെ ഗണ്‍മാന്റെ തോക്കും വെടിയുണ്ടകളും അടങ്ങിയ ബാഗ് കണ്ടെത്തി; മാറി എടുത്തുകൊണ്ടു പോയതെന്ന് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 11:33 AM  |  

Last Updated: 24th November 2021 11:33 AM  |   A+A-   |  

p sreeramakrishnan

ഫയല്‍ ചിത്രം

 

ആലപ്പുഴ: മുന്‍ സ്പീക്കറും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ പി ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ പക്കല്‍ നിന്നും കാണാതായ തോക്കും തിരകളും അടങ്ങുന്ന ബാഗ് കണ്ടെത്തി. ഗണ്‍മാന്‍ കാസര്‍കോട് എ ആര്‍ ക്യാമ്പിലെ രാജേഷിന്റെ പിസ്റ്റളും 10 റൗണ്ട് തിരയും, ആധാര്‍ കാര്‍ഡ്, എടിഎം കാര്‍ഡ് ഉള്‍പ്പെടുന്ന രേഖകളും അടങ്ങുന്ന ബാഗാണ് കാണാതെ പോയത്. 

ബസ് യാത്രയ്ക്കിടയില്‍ പത്തനാപുരം സ്വദേശി ബാഗ് മാറി എടുത്തുകൊണ്ടു പോകുകയായിരുന്നുവെന്നും, പിന്നീട് ഇത് കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. ഗണ്‍മാന്‍ കായംകുളം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാഗ് കണ്ടെത്തിയത്. 

നെടുമ്പാശ്ശേരിയില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ ഗണ്‍മാന്‍ പ്രാഥമിക ആവശ്യം നിറവേറ്റാന്‍ കായംകുളം ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി. തിരികെ കയറുമ്പോള്‍ ബാഗ് കാണാതാകുകയായിരുന്നു. ഡ്രൈവറുടെ സീറ്റിനോട് ചേര്‍ന്ന് ലഗേജ് വെക്കുന്ന ക്യാബിനിലാണ് ബാഗ് സൂക്ഷിച്ചിരുന്നത്.