സിഐയെ ചുമതലകളില്‍ നിന്ന് മാറ്റിയിട്ടില്ല; അന്വേഷണം നടക്കുന്നുവെന്ന് എസ്പി കാര്‍ത്തിക് ; ഡിജിപി റിപ്പോര്‍ട്ട് തേടി

സിഐക്കെതിരെ മറ്റൊരു യുവതി പരാതി ഉന്നയിച്ച കാര്യവും അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ചിനോട് നിര്‍ദേശിച്ചിട്ടുണ്ട്
എസ് പി കാർത്തിക്, സിഐ സുധീർ / ടെലിവിഷൻ ദൃശ്യം
എസ് പി കാർത്തിക്, സിഐ സുധീർ / ടെലിവിഷൻ ദൃശ്യം

കൊച്ചി: ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സിഐക്കെതിരെ നടപടി എടുത്തിട്ടില്ലെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക്. സിഐ സുധീറിനെതിരെയുള്ള ആരോപണങ്ങളില്‍ ഡിവൈഎസ്പി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. സുധീറിനെ ചുമതലയില്‍ നിന്ന് മാറ്റിയിട്ടില്ല. യുവതിയുടെ കേസ് അന്വേഷണത്തില്‍ ഇന്‍സ്‌പെക്ടര്‍ക്ക് യാതൊരു ബന്ധവുമില്ല. അതില്‍ നിന്നും സിഐയെ നേരത്തെ തന്നെ മാറ്റിയിട്ടുണ്ട്. 

കേസ് 304 ബി സെക്ഷന്‍ ഉള്ളതുകൊണ്ട് മിനിമം ഡിവൈഎസ്പി റാങ്കിലുള്ളവരാണ് അന്വേഷിക്കേണ്ടത്. അതിനാല്‍ ആലുവ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. സിഐക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചശേഷം ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും എസ്പി കെ കാര്‍ത്തിക് പറഞ്ഞു. 

ഗൗരവമായാണ് എടുത്തിട്ടുള്ളത്

നടപടി ഉണ്ടാകുമെന്ന് ഉറപ്പാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനോട്, റിപ്പോര്‍ട്ട് വരട്ടെ, അതിന് ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനം അറിയിക്കാമെന്നായിരുന്നു എസ്പിയുടെ മറുപടി. 29 ന് പരാതി ലഭിച്ചിരുന്നു. അന്നു തന്നെ ആ പരാതി ഡിവൈഎസ്പിക്ക് കൈമാറിയിരുന്നു. കേസ് ഗൗരവമായാണ് എടുത്തിട്ടുള്ളത്. അന്വേഷിക്കാന്‍ കാലതാമസം നേരിട്ടതെന്തുകൊണ്ടാണെന്ന കാര്യവും പരിശോധിക്കുമെന്ന് എസ്പി പറഞ്ഞു. 

സിഐക്കെതിരെ മറ്റൊരു യുവതി പരാതി ഉന്നയിച്ച കാര്യവും അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ചിനോട് നിര്‍ദേശിച്ചിട്ടുണ്ട്. സിഐയെ ചുമതലകളില്‍ നിന്നും മാറ്റിയിട്ടില്ല. അത്തരമൊരു ഉത്തരവ് പുറത്തിറങ്ങിയിട്ടില്ലെന്നും എസ് പി കാര്‍ത്തിക പറഞ്ഞു. ആരോപണം ഉയര്‍ന്നതിനു പിന്നാലെ, സിഐ സുധീറിനെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റിയതായി എസ്പി കെ കാര്‍ത്തിക് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

ഡിജിപി റിപ്പോര്‍ട്ട് തേടി

അതിനിടെ, ആലുവ സംഭവത്തില്‍ ഡിജിപി അനില്‍കാന്ത് റിപ്പോര്‍ട്ട് തേടി. റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്തയോടാണ് റിപ്പോര്‍ട്ട് തേടിയത്. ഇന്നു തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപി അനില്‍കാന്ത് ഡിഐജിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിഐജി ആലുവ റൂറല്‍ എസ്പി ഓഫീസിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. ആലുവ ഡിവൈഎസ്പി ശിവന്‍കുട്ടി സംഭവത്തില്‍ ഡിഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന. ആരോപണവുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി ആലുവ സിഐ സുധീറില്‍ നിന്നും വിശദീകരണം തേടിയിരുന്നു. 

ജനങ്ങളെ വെല്ലുവിളിക്കുന്നു

ആലുവ സിഐക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തും ബെന്നിബെഹനാന്‍ എംപിയും ആലുവ പൊലീസ് സ്റ്റേഷനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. മരിച്ച മോഫിയ പര്‍വീണിനോട് മോശമായി പെരുമാറിയ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യുകയും, കേസെടുക്കണമെന്നുമാണ് ആവശ്യം. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ അടക്കം പരാമര്‍ശമുള്ള, ഗുരുതര ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അന്‍വര്‍ സാദത്ത് ആരോപിച്ചു. 

ഭർത്താവും മാതാപിതാക്കളും കസ്റ്റഡിയിൽ

ആലുവ എടയപ്പുറം സ്വദേശിനിയായ നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയശേഷം ജീവനൊടുക്കിയത്. പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തി നടത്തിയ ചര്‍ച്ചക്കിടെ സിഐ സുധീര്‍ അവഹേളിച്ചു എന്ന് ആത്മഹത്യാക്കുറിപ്പില്‍ മോഫിയ എഴുതിയിരുന്നു. സംഭവം വിവാദമായതോടെ സിഐ സുധീറിനെ സ്‌റ്റേഷന്‍ ചുമതലകളില്‍ നിന്ന് നീക്കുമെന്ന് റൂറല്‍ എസ് പി കെ കാര്‍ത്തിക് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 

മരിച്ച മോഫിയ പര്‍വീണിന്റെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും ഭര്‍തൃമാതാവ് റുഖിയ, പിതാവ് യുസുഫ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന മൂവരും ഇന്ന് പുലര്‍ച്ചെയാണ് പിടിയിലായത്. സ്ത്രീധന പീഡനം നേരിടുന്നെന്ന് കാണിച്ച് ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ 21കാരിയായ മോഫിയ ആലുവ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com