പണി അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജിവെയ്ക്കണം; റോഡുകളുടെ ശോച്യാവസ്ഥയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 02:58 PM  |  

Last Updated: 25th November 2021 02:58 PM  |   A+A-   |  

road

ഫയല്‍ ചിത്രം

 

കൊച്ചി: റോഡുകളുടെ ശോച്യാവസ്ഥയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നന്നായി റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവെക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. കഴിവുള്ള ഒട്ടേറെ ആളുകള്‍ പുറത്ത് നില്‍ക്കുന്നുണ്ട്. അവര്‍ക്ക് അവസരം കൊടുക്കണമെന്ന് കോടതി പറഞ്ഞു. 

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസിലായിരുന്നു കോടതിയുടെ പരാമര്‍ശം. റോഡുകള്‍ മികച്ചത് ആയിരിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണെന്ന് കരുതാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. കഴിഞ്ഞവര്‍ഷം കോടതി ഇടപെട്ട് അറ്റകുറ്റപ്പണി നടത്തിയ റോഡുകള്‍ ഈ വര്‍ഷം വീണ്ടും നന്നാക്കേണ്ട അവസ്ഥയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

റോഡുകള്‍ തകര്‍ന്നാല്‍ അടിയന്തരമായി നന്നാക്കാന്‍ സംവിധാനമില്ലെന്ന് കൊച്ചി നഗരസഭ കോടതിയെ അറിയിച്ചു. ഇത്തരം ന്യായീകരണങ്ങള്‍ മാറ്റിനിര്‍ത്തി, പുതിയ ആശയങ്ങള്‍ നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്തെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ അറിയിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു. 

റോഡുകള്‍ കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കാന്‍ കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ട്. ഈ ഉത്തരവ് കര്‍ശനമായി നടപ്പാക്കുമെന്ന് കോടതി വ്യക്തമാക്കി. കൊച്ചിയിലെ റോഡുകളിലെ അനധികൃത കേബിളുകള്‍ അടിയന്തരമായി നീക്കം ചെയ്യാനും കോടതി നിര്‍ദേശം നല്‍കി.