എന്താണ് ഉദ്ദേശ്യമെന്ന് കോടിയേരി; കലേഷ് പുലര്‍ച്ചെ 3.45 ന് കാരായിയെ വിളിച്ചതെന്തിന് ?; ഫസല്‍ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ വിടാതെ വേട്ടയാടി സിപിഎം; അയല്‍ സംസ്ഥാനത്ത് സെക്യൂരിറ്റി ജോലിയില്‍

കൊല്ലാൻ ലക്ഷ്യമിട്ട് മൂന്നു തവണ തനിക്ക് നേരെ ആക്രമണം ഉണ്ടായതായി കെ രാധാകൃഷ്ണൻ വെളിപ്പെടുത്തി
കെ രാധാകൃഷ്ണൻ/ ഫയൽ ചിത്രം
കെ രാധാകൃഷ്ണൻ/ ഫയൽ ചിത്രം

കണ്ണൂര്‍ : ഫസല്‍ വധക്കേസില്‍ സിപിഎമ്മിന് അനുകൂലമായി അന്വേഷണം നടത്താത്തതിന് വിരമിച്ച ഐപിഎസ് ഓഫീസറായ ഉദ്യോഗസ്ഥന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പോലും നല്‍കാതെ സര്‍ക്കാര്‍ പീഡിപ്പിക്കുന്നു. കേരള ആംഡ് പൊലീസ് ഫിഫ്ത് ബറ്റാലിയന്‍ കമാന്‍ഡന്റായി വിരമിച്ച കെ രാധാകൃഷ്ണനെയാണ് പാര്‍ട്ടിക്ക് അനുകൂലമായി റിപ്പോര്‍ട്ട് എഴുതാത്തതിന്റെ പേരില്‍ വിടാതെ ദ്രോഹിക്കുന്നത്. ജീവന് ഭീഷണിയുള്ളതിനാല്‍ മറ്റൊരു സംസ്ഥാനത്താണ് താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തതിനാല്‍ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ആയി ജോലി നോക്കിയാണ് ഇപ്പോള്‍ കുടുംബം പുലര്‍ത്തുന്നത്. പല തവണ ആക്രമിക്കപ്പെട്ടു. 2006 ല്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് ഒന്നര വര്‍ഷത്തോളം ആശുപത്രിയില്‍ ചികില്‍സ തേടേണ്ടി വന്നു. ഏതു നിമിഷവും അവര്‍ ആക്രമിച്ചു കൊലപ്പെടുത്തിയേക്കാമെന്ന ഭയത്തോടെയാണ് ജീവിക്കുന്നതെന്നും കെ രാധാകൃഷ്ണന്‍ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 

അന്യായത്തിന് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ തന്റെ വിധി എന്തായാലും സ്വീകരിക്കാന്‍ തയ്യാറാണ്. അതിന് മുമ്പ് മക്കളുടെ ഭാവി സുരക്ഷിതമാക്കണമെന്നാണ് ആഗ്രഹം. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തതിനാല്‍ കുടുംബം സാമ്പത്തിക പ്രയാസത്തിലാണ്. ഗവേഷക വിദ്യാര്‍ത്ഥിനിയായിരുന്ന മകള്‍ ഹോസ്റ്റല്‍ ഫീസ് അടക്കം കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ പാര്‍ട്ട് ടൈം ആയാണ് പഠിക്കുന്നത്. പണമില്ലാത്തത്ിനാല്‍ മകന്‍ സിവില്‍ സര്‍വീസ് കോച്ചിങ് അവസാനിപ്പിച്ചു. 

ഫസല്‍ കേസ് ജീവിതം മാറ്റിമറിച്ചു

തനിക്കെതിരായ കേസുകള്‍ നടത്തുന്നതിനായി കുടുംബ സ്വത്തുകള്‍ വില്‍ക്കേണ്ടി വന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ വീട് ബാങ്കുകാര്‍ ജപ്തി ചെയ്തുകൊണ്ടു പോയിയെന്നും രാധാകൃഷ്ണന്‍ പറയുന്നു. 2006 ല്‍ ഉണ്ടായ ഫസല്‍ വധമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നും രാധാകൃഷ്ണന്‍ വെളിപ്പെടുത്തുന്നു. 

2006 ഒക്ടോബര്‍ 22 നാണ് മുഹമ്മദ് ഫസല്‍ ഒരു സംഘം അക്രമികളുടെ വെട്ടേറ്റ് കൊല്ലപ്പെടുന്നത്. സിപിഎം വിട്ട് ഫസല്‍ എന്‍ഡിഎഫില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു ആക്രമണം. അന്ന് കണ്ണൂര്‍ ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോയില്‍ ഡിവൈഎസ്പിയായിരുന്നു രാധാകൃഷ്ണന്‍. കണ്ണൂര്‍ ഡിഐജിയായിരുന്ന ആനന്ദകൃഷ്ണന്‍, ഫസല്‍ വധം അന്വേഷിക്കാനായി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ 20 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. പൊലീസിന് തലവേദന സൃഷ്ടിച്ച, ചുരുളഴിയാതെ കിടന്ന ഒട്ടേറെ കേസുകള്‍ തെളിയിച്ചതിന്റെ മികവായിരുന്നു കെ രാധാകൃഷ്ണനെ പ്രത്യേക അന്വേഷണ സംഘത്തലവനാക്കാന്‍ കാരണമായത്. 

പ്രതികളായി ആര്‍എസ്എസുകാരായ നാലുപേരെ സിപിഎം ചൂണ്ടിക്കാട്ടി

ഫസല്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസം, സിപിഎം അക്രമത്തിനെതിരെ ഒരു പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും, പാര്‍ട്ടി ഏരിയാ സെക്രട്ടറി കാരായി രാജന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ നാലുപേരാണ് കൊലപാതകത്തിന് പിന്നിലെന്ന് യോഗത്തില്‍ പ്രസ്താവിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഈ നാലുപേരെയും രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിളിച്ച് മൊഴിയെടുക്കുകയും, ഫസല്‍ വധത്തിന് മുമ്പും പിമ്പുമുള്ള ഇവരുടെ സകല നീക്കങ്ങളെക്കുറിച്ചും വിശദമായി അന്വേഷിച്ചു. എന്നാല്‍ ഇവര്‍ക്ക് കൊലപാതകവുമായി ഏതെങ്കിലും തരത്തില്‍ ബന്ധവുമുണ്ടെന്ന് കണ്ടെത്താനുള്ള ഒരു തെളിവും ലഭിച്ചില്ല. 

കോടിയേരിയുടെ ഇടപെടല്‍

ഫസല്‍ വധത്തിന് രണ്ടു ദിവസത്തിന് ശേഷം ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ച് ഏഴു ദിവസത്തിനകം കുറ്റപത്രം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്ന് കണ്ട് സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടിയ ആർഎസ്എസ് പ്രവർത്തകരെ താന്‍ മോചിപ്പിച്ചു. ഇത് സിപിഎം നേതാക്കളെ പ്രകോപിപ്പിച്ചു. അതേസമയം കേസുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘം ഇറങ്ങി. ഇതുപ്രകാരം പ്രദേശത്തെ 300 ഓളം പേരുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചു. 

എന്താണ് ഉദ്ദേശ്യമെന്ന് കോടിയേരിയുടെ ചോദ്യം

സിപിഎം നേതാവ് കാരായി ചന്ദ്രശേഖരന്റെ അടുത്ത അനുയായി കലേഷ് എന്നയാള്‍, ഫസല്‍ കൊല്ലപ്പെട്ട സമയത്ത്, പുലര്‍ച്ചെ 3. 45 ന് കാരായി രാജനെ ഫോണില്‍ വിളിച്ചതായി കണ്ടെത്തി. ഇതിന് തൊട്ടുപിന്നാലെ സിപിഎം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലെ ഫോണില്‍ നിന്നും തലശ്ശേരിയിലെ മൂന്ന് ആശുപത്രികളിലേക്കും ഫോണ്‍ വിളികള്‍ പോയതായി കണ്ടെത്തി. ഇതിന് രണ്ടു ദിവസത്തിന് ശേഷം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസിലേക്ക് തന്നെ വിളിപ്പിച്ചു. എന്താണ് ഉദ്ദേശ്യമെന്ന് ചോദിച്ചുവെന്നും രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. 

കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുന്നുണ്ടെങ്കില്‍, അതിന് മുമ്പ് തന്റെ അനുവാദം വാങ്ങണമെന്നും കോടിയേരി നിര്‍ദ്ദേശിച്ചു. ഇതോടെ പ്രത്യേക അന്വേഷണസംഘം ബന്ധനത്തിലായതുപോലെയായി. പത്തു ദിവസത്തിന് ശേഷം തന്നെ പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും മാറ്റുകയും, പ്രത്യേക സംഘം പിരിച്ചുവിട്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തുവെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. 

മൂന്നുപേര്‍ ദുരൂഹമായി കൊല്ലപ്പെടുന്നു

ഫസല്‍ വധക്കേസ് അന്വേഷിച്ചുകൊണ്ടിരിക്കെ, തന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘത്തിന് രഹസ്യവിവരങ്ങള്‍ നല്‍കിയ മൂന്നുപേരുടെ ദുരുഹമരണവും സംശയകരമാണെന്ന് രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ബിജെപി അനുഭാവിയായ വല്‍സരാജക്കുറുപ്പ് ബ്ലേഡ് മാഫിയയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നു. സിപിഎമ്മിന് വേണ്ടി ആക്ഷന്‍ നടത്തിയിരുന്ന സംഘത്തിലുണ്ടായിരുന്ന പഞ്ചാര ഷിനില്‍ 2007 ല്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നു. ഡിവൈഎപ്‌ഐ പ്രവര്‍ത്തകനായ ഷാജിയും ദുരുഹമായി കൊല്ലപ്പെട്ടു. 

വിടാതെ വേട്ടയാടല്‍

കേസന്വേഷണത്തില്‍ നിന്നും മാറ്റിയിട്ടും സിപിഎം തന്നെ വിടാതെ വേട്ടയാടിയതായി രാധാകൃഷ്ണന്‍ വ്യക്തമാക്കി. 2006 ഡിസംബര്‍ 15 ന് സിപിഎം പ്രവര്‍ത്തകര്‍ തന്നെ ക്രൂരമായി ആക്രമിച്ചു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ഒന്നര വര്‍ഷത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. അതിനിടെ അസാന്മാര്‍ഗിക പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു എന്നാരോപിച്ച് സസ്‌പെന്‍ഡ് ചെയ്തു. ഇതിനിടെ മൂന്നു തവണ തനിക്ക് നേരെ ആക്രമണം ഉണ്ടായതായി കെ രാധാകൃഷ്ണന്‍ പറയുന്നു. 

ഐപിഎസ് ലഭിച്ചതിന് ശേഷം 2016 ല്‍ വീണ്ടും രാധാകൃഷ്ണനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. നാലര വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് തിരികെ സര്‍വീസില്‍ കയറിയത്. തുടര്‍ന്ന് കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റായി നിയമിക്കപ്പെട്ടു. എന്നാല്‍ വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ്, 2021 ഏപ്രില്‍ 29 ന് അച്ചടക്ക നടപടിയെടുക്കുന്നതായി കാണിച്ച് തനിക്ക് മെമ്മോ ലഭിച്ചു. തന്റെ റിട്ട.ര്‍മെന്റ് ആനുകൂല്യങ്ങള്‍ തടയുന്നതിന് വേണ്ടിയുള്ള സിപിഎമ്മിന്റെ പ്രതികാര നടപടിയായിരുന്നു ഇതെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com