മോഫിയ പര്‍വീണിന്റെ മരണം: സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു; വകുപ്പുതല അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2021 11:53 AM  |  

Last Updated: 26th November 2021 12:07 PM  |   A+A-   |  

ci sudheer

ആലുവ സി ഐ സുധീര്‍ / ഫയല്‍

 

തിരുവനന്തപുരം: ആലുവയിലെ നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ സി എല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്നാണ് നടപടി. സുധീറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ പൊലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചു. 

ആരോപണ വിധേയനായ സിഐക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മോഫിയ പര്‍വീണിന്റെ പിതാവിനെ വിളിച്ച് അറിയിച്ചിരുന്നു. മന്ത്രി പി രാജീവ് മോഫിയയുടെ വീട് സന്ദര്‍ശിച്ചപ്പോഴാണ് മുഖ്യമന്ത്രി മോഫിയയുടെ പിതാവിനെ വിളിച്ച് ഉറപ്പ് നല്‍കിയത്. കുറ്റമറ്റ തരത്തിലുള്ള അന്വേഷണമുണ്ടാകും. കുടുംബത്തിന് നീതി ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി മോഫിയയുടെ പിതാവ് ദിൽഷാദ് പറഞ്ഞു. 

ആലുവ സിഐയെ പരിരക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് പൊലീസ് ഡിജിപിക്ക് നല്‍കിയിരുന്നത്. സി ഐ സുധീര്‍ മോഫിയ പര്‍വീണിനോട് മോശമായി പെരുമാറിയിട്ടില്ല. എന്നാല്‍ മോഫിയ പര്‍വീണ്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ കേസെടുക്കുന്നതില്‍ സിഐ സുധീറിന് വീഴ്ച വന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

എന്നാല്‍ ഇതു തള്ളി സുധീറിനെതിരെ വകുപ്പുതല നടപടിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണചുമതല. അന്വേഷണറിപ്പോര്‍ട്ട് ലഭിച്ചശേഷം വകുപ്പു തല നടപടിയില്‍ തീരുമാനമെടുക്കും. നേരത്തെ സിഐ സുധീറിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റുകയാണ് ചെയ്തത്. 

നിയമവിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ആരോപണ വിധേയനായ സിഐ സി എല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ആലുവ പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തുകയാണ്. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. വിഷയത്തില്‍ സിഐയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന പൊതുജന വികാരം ഉണ്ടാകുന്നത് കണക്കിലെടുത്തു കൂടിയാണ് സസ്‌പെന്‍ഷനും വകുപ്പുതല അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.