സിഐ സുധീറിനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്, മോഫിയയുടെ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചു

മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി; നിയമവിദ്യാർത്ഥി മോഫിയ പർവീണിന്റെ മരണം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കെ മോഫിയയുടെ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചത്. 

മുഖ്യമന്ത്രിയുടെ ഉറപ്പിൽ ആശ്വാസം

മോഫിയയുടെ മരണത്തിൽ കാരണക്കാരനായി സിഐ സുധീറിനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി മോഫിയയുടെ പിതാവ് ദിൽഷാദ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകളിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. സർക്കാർ നീതി ഉറപ്പാക്കും, വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി തുടർനടപടി ഉണ്ടാകുമെന്നാണ് മന്ത്രിയുടെ ഉറപ്പ് നൽകിയത്. സിഐയുടെ സ്ഥലം മാറ്റം നടപടിക്രമങ്ങളുടെ ഭാഗമാണെന്നായിരുന്നു വിശദീകരണം.  കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. 

മോഫിയ നേരിട്ടത് കൊടിയ പീഡനം

കേസിലെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു.  ഭർത്താവിന്റെ വീട്ടിൽ മോഫിയ പർവ്വീൺ നേരിട്ടത് കൊടിയ പീഡനങ്ങളാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നു. ഭർത്താവ് സുഹൈൽ ലൈംഗീക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആലുവ പൊലീസ് സ്റ്റേഷനില്‍ കോൺഗ്രസ് ജനപ്രതിനിധികൾ നടത്തുന്ന കുത്തിയിരിപ്പ് സമരം മൂന്നാം ദിവസവും തുടരുന്നു. ബെന്നി ബഹന്നാന്‍ എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരാണ് സമരം നടത്തുന്നത്.  സിഐ സുധീറിനെതിരെ നടപടിയെടുക്കുംവരെ സമരം തുടരാനാണ് തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com