പൊളിക്കുന്ന റോഡുകള്‍ പണിയണം, വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി; ജല അതോറിറ്റിക്കെതിരെ മുഹമ്മദ് റിയാസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2021 10:25 AM  |  

Last Updated: 26th November 2021 10:25 AM  |   A+A-   |  

KERALA ROAD

തകര്‍ന്നുകിടക്കുന്ന റോഡ്, മുഹമ്മദ് റിയാസ്

 

തിരുവനന്തപുരം: റോഡുകളിലെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ രൂക്ഷ വിമര്‍ശനത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയ കൊച്ചിയിലെ റോഡുകളില്‍ ഒന്നുമാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

റോഡുകള്‍ പൊട്ടി പൊളിഞ്ഞ് കിടക്കുന്നതില്‍ ജലഅതോറിറ്റിയെ മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. കുടിവെള്ള പദ്ധതിക്ക് വേണ്ടി പൊളിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നില്ല. ജല അതോറ്റി വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് ഉന്നതതലയോഗം വിളിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ടാര്‍ ചെയ്ത റോഡുകള്‍ ജനങ്ങളുടെ ആവശ്യമെന്ന നിലയില്‍ കുടിവെള്ള പദ്ധതിക്കായി കുഴിക്കുന്നത് തെറ്റാണ്. ഇത്തരം റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഇക്കാര്യം ജലസേചന വകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 

മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയുന്ന മികച്ച റോഡുകള്‍ നിര്‍മ്മിക്കാനാവില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവെയ്ക്കുകയാണ് വേണ്ടതെന്നാണ് ഹൈക്കോടതി ഇന്നലെ വിമര്‍ശിച്ചത്. റോഡുകള്‍ തകര്‍ന്ന കുറ്റത്തിന് ഇവരെ ഉത്തരവാദികളാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കൊച്ചി നഗരത്തിലും പരിസരങ്ങളിലുമുള്ള റോഡുകള്‍ ടാര്‍ ചെയ്ത് ആറുമാസത്തിനകം തകര്‍ന്നെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പരിഗണിക്കവേയാണ് സിംഗിള്‍ ബഞ്ചിന്റെ രൂക്ഷവിമര്‍ശനം.