ഉത്ര വധക്കേസ് : പ്രതി സൂരജിന്റെ ശിക്ഷാവിധി ഇന്ന്

ഉത്ര കൊലപാതകക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊല്ലം: : കൊല്ലം അഞ്ചല്‍ സ്വദേശിനി ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജിനുള്ള ശിക്ഷ കോടതി ഇന്ന് പ്രസ്താവിക്കും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. രാവിലെ 11 നാണ് വിധി പ്രസ്താവം. 

ഉത്ര കൊലപാതകക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. നാല് വകുപ്പുകള്‍ അനുസരിച്ച് സൂരജ് കുറ്റക്കാരനാണെന്നാണ് കോടതി പ്രസ്താവിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിക്കാന്‍ വേണ്ട സാഹചര്യ തെളിവുകള്‍ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. 

വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അടൂരിലെ സൂരജിന്റെ വീട്ടില്‍ വച്ച് ആദ്യത്തെ തവണ അണലിയുടെ കടിയേറ്റ ഉത്ര ആശുപത്രിയിലായി വേദന കൊണ്ട് പുളയുമ്പോള്‍ മറ്റൊരു കൊലപാതകത്തിന് ആസൂത്രണം നടത്തിയ ക്രൂരനാണ് സൂരജെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് കോടതിയില്‍ പറഞ്ഞു. 

87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളും 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ  കേസിന്റെ ഏറ്റവും വലിയ സവിശേഷത. കൊലപാതകം ശാസ്ത്രീയമായി തെളിയിക്കാന്‍ ഡമ്മി പരീക്ഷണവും പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടവും അടക്കം നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com