തെക്കന്‍ ജില്ലകളില്‍ പെരുമഴ; പത്തനംതിട്ടയില്‍ പ്രളയഭീതി; ഡാമുകള്‍ തുറക്കും;  11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2391.12 അടിയായി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 128.80 അടിയെത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരള തീരത്തെത്തിയതിനെത്തുടര്‍ന്ന് കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് പരക്കെ മഴ കനക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ രാത്രി തുടങ്ങിയ ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. തിരുവനന്തപുരത്ത് ചെമ്പകമംഗലത്ത് ചുവരിടിഞ്ഞു വീണു. രണ്ടു കുട്ടികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം. കുട്ടികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ചുവരിടിഞ്ഞു വീണത്. 

പത്തനംതിട്ട ജില്ല പ്രളയഭീതിയിൽ

പത്തനംതിട്ട ജില്ലയില്‍ 2018ല്‍ പെയ്തതിനു സമാനമായി കനത്ത മഴ തുടരുകയാണ്. 12 മണിക്കൂറിനിടെ 10 സെന്റിമീറ്റര്‍ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായ ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. ആനത്തോട് ഡാമില്‍ ഇന്നലെ വൈകീട്ടു തന്നെ  റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

അണക്കെട്ടുകൾ തുറക്കുന്നു, ജാ​ഗ്രതാ നിർദേശം

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തെന്മല പരപ്പാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. സമീപവാസികള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പമ്പ ത്രിവേണിയിലും ജലനിരപ്പ് ഉയര്‍ന്നു. മീനച്ചില്‍, മണിമല ആറുകളില്‍ ജലനിരപ്പ് ഉയരുന്നു. താഴ്ന്ന ഇടങ്ങളിലെ റോഡില്‍ വെള്ളം കയറി. കനത്ത മഴയില്‍ ഇത്തിക്കരയാറിനോട് ചേര്‍ന്നുള്ള റോഡ് ഇടിഞ്ഞു. കനത്ത മഴയെത്തുടര്‍ന്ന് കുട്ടനാട്ടില്‍ പലയിടത്തും വെള്ളക്കെട്ടാണ്. എസി റോഡില്‍ വെള്ളം കയറി. 

എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിലും കനത്ത മഴ തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2391.12 അടിയായി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 128.80 അടിയെത്തി. അതിശക്തമായ മഴയെത്തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നിട്ടിരിക്കുകയാണ്.  മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി,  ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയായ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്ന്  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com