കനത്തമഴയ്ക്ക് കാരണം മേഘവിസ്‌ഫോടനമല്ല, ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയുന്നു; മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2021 12:26 PM  |  

Last Updated: 17th October 2021 12:26 PM  |   A+A-   |  

heavy rain in kerala

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കേരളത്തില്‍ ഉരുള്‍പൊട്ടലിന് കാരണമായ കനത്തമഴയ്ക്ക് കാരണം മേഘവിസ്ഫോടനമല്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദവും കാറ്റുമാണ് കനത്ത മഴയ്ക്ക് കാരണമായത്. കനത്ത മഴയാണ് മണ്ണിടിച്ചലിന് കാരണമായതെന്ന് ഡയറക്ടര്‍ ജനറല്‍ ഡോ. മൃത്യുജ്ഞയ മഹാപത്ര വിശദീകരിച്ചു. 

മേഘവിസ്‌ഫോടനത്തിന് കാരണം കനത്തമഴയും മണ്ണിടിച്ചിലും

കഴിഞ്ഞദിവസം കേരളത്തില്‍ വലിയ തോതിലുള്ള മഴയാണ് പെയ്തത്. ഇടുക്കി, എറണാകുളം, കൊല്ലം എന്നി ജില്ലകളിലാണ് കൂടുതല്‍ മഴ പെയ്തത്. 29 സെന്റി മീറ്റര്‍ വരെയാണ് ഈ ജില്ലകളില്‍ പെയ്ത മഴ. ന്യൂനമര്‍ദവും ശക്തമായ കാറ്റുമാണ് കനത്ത മഴയ്ക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞു. ഇന്ന് കനത്ത മഴയുടെ തോത് കുറയും. 18-19 തീയതികളില്‍ കേരളത്തില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നില്ല. കേരളത്തിലെ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഇന്ന് മുതല്‍ കനത്ത മഴയ്ക്ക് ശമനമുണ്ടാവുമെങ്കിലും മഴ തുടരും. കനത്ത മഴയെ നേരിടാന്‍ കേരളം മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞു

കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും ഇടുക്കിയിലെ കൊക്കയാറിലും വലിയ നാശം വിതച്ച പെരുമഴയ്ക്കും ഉരുള്‍പൊട്ടലിനും കാരണം 'ലഘു മേഘവിസ്ഫോടനം' എന്ന പ്രതിഭാസമാണെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. കുറച്ചു സമയത്തിനുള്ളില്‍, ചെറിയ പ്രദേശത്ത് പെയ്യുന്ന അതിശക്തമായ മഴയാണിത്.2019-ല്‍ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ഉരുള്‍പൊട്ടലിനും കാരണമായത് ഈ പ്രതിഭാസമായിരുന്നു.