കണ്ണീരോടെ കാവാലി വിട ചൊല്ലി ; ഉരുള്‍ കവര്‍ന്ന മാര്‍ട്ടിനും കുടുംബവും ഇനി രണ്ടു കല്ലറകളില്‍ നിത്യനിദ്ര

മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ നേരെ പള്ളിയിലേക്ക് എത്തിക്കുകയായിരുന്നു
മന്ത്രി വാസവന്‍ അന്തിമോപചാരം അര്‍പ്പിക്കുന്നു / ട്വിറ്റര്‍ ചിത്രം
മന്ത്രി വാസവന്‍ അന്തിമോപചാരം അര്‍പ്പിക്കുന്നു / ട്വിറ്റര്‍ ചിത്രം

കോട്ടയം : കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍ കവര്‍ന്ന ഒരു കുടുംബത്തിലെ ആറു പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഉരുള്‍പൊട്ടലില്‍ മരിച്ച ഇളംകാട് ഒട്ടലാങ്കല്‍ ക്ലാരമ്മ (65), മാര്‍ട്ടിന്‍ (48), സിനി മാര്‍ട്ടിന്‍ (45), സ്‌നേഹ മാര്‍ട്ടിന്‍ (14), സോന മാര്‍ട്ടിന്‍ (12), സാന്ദ്ര മാര്‍ട്ടിന്‍ (10) എന്നിവരുടെ മൃതദേഹം കാവാലി സെന്റ് മേരീസ് പള്ളിയില്‍ അന്ത്യശുശ്രൂഷകള്‍ക്ക് ശേഷമാണ് സംസ്‌കരിച്ചത്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിലിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാരശുശ്രൂഷകള്‍. 

വീടു പോലും അവശേഷിക്കാതെ...

അന്ത്യയാത്രയ്ക്കായി എത്തിക്കാന്‍ വീട് പോലും ബാക്കിയുണ്ടായിരുന്നില്ല. അതിനാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ നേരെ പള്ളിയിലേക്ക് എത്തിക്കുകയായിരുന്നു. പള്ളിയില്‍ വെച്ചു തന്നെയായിരുന്നു പൊതുദര്‍ശനം. ഇവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാട് ഒന്നാകെ പള്ളിമുറ്റത്തേക്കെത്തി. പാലക്കാടുള്ള  ബന്ധുക്കള്‍ എത്തിയ ശേഷമാണ് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചത്.

മരണത്തിലും ഒന്നിച്ച്.., കണ്ണീരോടെ കൂട്ടിക്കൽ..

പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം, കലിതുള്ളിയെത്തിയ മലവെള്ളം ജീവന്‍ കവര്‍ന്ന ആറുപേരെയും രണ്ടു കല്ലറകളിലായി അടക്കി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മണ്ണിടിച്ചിലിലാണ് മാര്‍ട്ടിന്റെ കുടുംബം ഒന്നാകെ അകപ്പെട്ട് പോയത്. ശനിയാഴ്ച തന്നെ ക്ലാരമ്മ, സിനി, സോന എന്നിവരുടെ മൃതദേഹങ്ങള്‍ ലഭിച്ചു. ഇന്നലെയാണ് മാര്‍ട്ടിന്‍, സ്‌നേഹ, സാന്ദ്ര എന്നിവരുടെ മൃതദേഹങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് ഒരുമിച്ച് സംസ്‌കാരം നടത്താന്‍ നിശ്ചയിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com