അണക്കെട്ട് തുറക്കല്‍ : വ്യാജവാര്‍ത്തകളും ഭീതിജനകമായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ഇടമലയാറില്‍ നിന്നും  100 ക്യൂബിക് മീറ്റര്‍ / സെക്കന്റ് അളവിലാണ് ജലം ഒഴുക്കുന്നത്
ഇടുക്കി ഡാം/ഫയല്‍ ചിത്രം
ഇടുക്കി ഡാം/ഫയല്‍ ചിത്രം

കൊച്ചി : അണക്കെട്ടുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും ഭീതിജനകമായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് എറണാകുളം ജില്ലാ കലക്ടര്‍. ഇത്തരക്കാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. 

തുറക്കുന്നത് മുൻകരുതലിന്റെ ഭാ​ഗമായി

മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ഡാമും, ഇടമലയാര്‍ ഡാമും തുറന്ന് ജലനിരപ്പ് നിയന്ത്രണവിധേയമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ജലനിരപ്പില്‍ ആശങ്കപ്പെടേണ്ടതില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയിലും, തുലാവര്‍ഷത്തോടനുബന്ധിച്ച് വരും ദിവസങ്ങളില്‍ ശക്തമായ മഴയും നീരൊഴുക്കും ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തിയുമാണ് ഈ നടപടിയെന്ന് കലക്ടര്‍ വ്യക്തമാക്കി. 

പെരിയാറിൽ ജാ​ഗ്രതാ നിർദേശം

ഇടമലയാറില്‍ നിന്നും  100 ക്യൂബിക് മീറ്റര്‍ / സെക്കന്റ് അളവിലാണ് ജലം ഒഴുക്കുന്നത്. ഇതു മൂലം കാര്യമായ വ്യതിയാനം പെരിയാറിലെ ജലനിരപ്പില്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ജില്ലാ ഭരണകൂടം സൂചിപ്പിച്ചു. ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ രാവിലെ 11.00 മണി മുതല്‍ 50 cm വീതം തുറന്ന് 100 ക്യുമക്‌സ് വരെ ജലം ഒഴുക്കുന്നതിനാണ് 
തീരുമാനിച്ചിട്ടുള്ളത്. 

ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി

ഇടമലയാര്‍ ഡാം രാവിലെ ആറു മണിയോടെ തുറന്നു. ഡാമിന്റെ രണ്ടു ഷട്ടറുകളാണ് ഉയര്‍ത്തിയത്. ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടമലയാറിലെ ജലം എട്ടു മണിയോടെ ഭൂതത്താന്‍ കെട്ടിലെത്തും. 12 മണിയോടെ കാലടി, ആലുവ മേഖലയിലേക്ക് ജലമെത്തും. പെരിയാറിലെ ജലനിരപ്പ് ഒരു മീറ്റര്‍ വരെ ഉയര്‍ന്നേക്കും. പെരിയാറിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി പാര്‍പ്പിക്കാനും ജില്ലാ ഭരണ കൂടം തീരുമാനിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com