പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നു ; അതീവ ജാഗ്രത

പെരിയാർ, പമ്പ നദീ തീരങ്ങളിലുള്ളവർ അതീവ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു
ഇടമലയാർ ഡാം തുറന്ന് വെള്ളം ഒഴുക്കികളയുന്നു / ഫെയ്സ്ബുക്ക്
ഇടമലയാർ ഡാം തുറന്ന് വെള്ളം ഒഴുക്കികളയുന്നു / ഫെയ്സ്ബുക്ക്

കൊച്ചി : മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നു. പമ്പാ ഡാമിന്റെ രണ്ടു ഷട്ടറുകളാണ് തുറന്നത്. 30 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. പമ്പാ നദിയിലേക്ക് അധികജലം ഒഴുകിയെത്തുകയാണ്. 

25 കുമക്‌സ് മുതല്‍ പരമാവധി 50 കുമക്‌സ് വരെ, ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നതിനാണ് തീരുമാനം. സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം ആറു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. 

പത്തനംതിട്ടയിൽ മഴ തുടരുന്നു

പമ്പ നദിക്കരയില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെ മുതല്‍ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. അടൂര്‍, പന്തളം, റാന്നി, പാണ്ടനാട് തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ. കുട്ടനാട്ടിലും അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയെല്ലാം മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. 

ഇടമലയാര്‍ ഡാമും രാവിലെ ആറു മണിയോടെ തുറന്നു. ഡാമിന്റെ രണ്ടു ഷട്ടറുകളാണ് ഉയര്‍ത്തിയത്. ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

പെരിയാറിൽ അതീവ ജാ​ഗ്രത

ഇടമലയാറിലെ ജലം എട്ടു മണിയോടെ ഭൂതത്താന്‍ കെട്ടിലെത്തും. ഒന്നര മണിക്കൂറിനകം പെരിയാറിലെത്തുമെന്നാണ് വിലയിരുത്തൽ.  12 മണിയോടെ കാലടി, ആലുവ മേഖലയിലേക്ക് ജലമെത്തും. പെരിയാറിലെ ജലനിരപ്പ് ഒരു മീറ്റര്‍ വരെ ഉയര്‍ന്നേക്കും. പെരിയാറിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി പാര്‍പ്പിക്കാനും ജില്ലാ ഭരണ കൂടം തീരുമാനിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com