നാളെ മുതല്‍ വീണ്ടും അതിശക്തമായ മഴ ; ഇടിമിന്നല്‍ ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2021 07:30 AM  |  

Last Updated: 19th October 2021 07:30 AM  |   A+A-   |  

heavy rain in kerala

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മുതല്‍ 24 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 

നാളെ കാസര്‍കോട്, കണ്ണൂര്‍, ആലപ്പുഴ ഒഴികെ 11 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ കാസര്‍കോടും കണ്ണൂരും ഒഴികെ 12 ജില്ലകളിലും 22ന് കാസര്‍കോട് ഒഴികെ 13 ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. അറബിക്കടലിലോ ബംഗാള്‍ ഉള്‍ക്കടലിലോ ന്യൂനമര്‍ദങ്ങളില്ലെങ്കിലും കിഴക്കന്‍ കാറ്റിന്റെ സ്വാധീനം മൂലമാണ് മഴ വീണ്ടും ശക്തമാകുന്നത്. 

ബംഗാളിനും ഒഡീഷയ്ക്കും മുകളില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനു കേരളത്തില്‍ കാര്യമായ സ്വാധീനമുണ്ടാകില്ലെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍. നാളെ മുതല്‍ അതിശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടായേക്കാം. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനും നിയന്ത്രണമുണ്ട്.

നാളെ മുതല്‍ വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുകയാണ്. പമ്പ, ഇടമലയാര്‍, ഇടുക്കി ഡാമുകള്‍ തുറന്നു വിട്ട് ജലനിരപ്പ് നിയന്ത്രണവിധേയമാക്കും. പാലക്കാട് ജില്ലയിലെ മലമ്പുഴ, പേ!ാത്തുണ്ടി, ചുള്ളിയാര്‍, കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളില്‍നിന്നും വെള്ളം ഒഴുക്കിവിടുന്നുണ്ട്.