2018ൽ ആർത്തലച്ചൊഴുകുന്ന പ്രളയജലത്തിന് കുറുകെയുള്ള ഓട്ടം; ആ കാഴ്ചകാണാൻ പാലത്തിൽ അച്ഛനൊപ്പം തക്കുടു എത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2021 09:14 AM  |  

Last Updated: 20th October 2021 09:20 AM  |   A+A-   |  

CHERUTHONI_BRIDGE

സൂരജുമായി വിജയരാജ് ചെറുതോണി പാലത്തിൽ/ എക്സ്പ്രസ് ചിത്രം, വൈറലായ ചിത്രം

 

ഇടുക്കി; 2018ലെ കേരളത്തിലെ പ്രളയത്തിന്റെ നേരി‍ച്ചിത്രമായിരുന്നു ആ ഓട്ടം. വെള്ളം കുത്തിയൊലിച്ചു വരുമ്പോൾ ചെറുതോണിപ്പാലത്തിലൂടെ കുഞ്ഞിനെ മാറോടണച്ചുപിടിച്ച് ഓടുന്ന ദുരന്തനിവാരണ സേനാം​ഗത്തിന്റെ ചിത്രം. പനിയും ശ്വാസംമുട്ടലും കാരണം ക്ഷീണിച്ച് അവശനായിരുന്നു തക്കുടു എന്ന സൂരജ്. കണ്ണടച്ചു തൊളിൽ ചാഞ്ഞു കിടന്നതിനാൽ കുത്തിയൊലിച്ചു വരുന്ന പ്രളയജലം കാണാൻ അന്നവന് സാധിച്ചില്ല.  വർഷങ്ങൾ മൂന്നു പിന്നിട്ടപ്പോൾ വീണ്ടും ഇടുക്കി ഡാം തുറന്നിരിക്കുകയാണ്. അന്ന് കാണാതെപോയ കാഴ്ചകാണാൻ അച്ഛനൊപ്പം ആറു വയസുകാരൻ എത്തി. 

ഇന്നും തക്കുടുവിന് പനി

പഴയ പ്രളയത്തിന്റെ ഓർമയെന്നോ‌ണം അവൻ ഇന്നും പനി ബാധിതനായിരുന്നു. എന്നാൽ ഇടുക്കി അണക്കെട്ട് തുറന്നു എന്നറിഞ്ഞതോടെ അതു കാണണമെന്ന് തക്കുടുവിന് ആ​ഗ്രഹമായി. അതോടെയാണ് മകനെയും കൂട്ടി വിജയരാജ് പാലം കാണാൻ എത്തുന്നത്. അവിടെ വച്ച് ലോകം കണ്ട പഴയ കഥയും മകന് പറഞ്ഞുകൊടുത്തു. 

കേരളം ശ്വാസമടക്കിപ്പിടിച്ചുകണ്ട കാഴ്ച

2018-ലെ പ്രളയത്തിൽ കേരളക്കരയൊന്നാകെ ശ്വാസമടക്കിപ്പിടിച്ചുകണ്ട കാഴ്ചകളിലൊന്നായിരുന്നു ആ ഓട്ടം. ചെറുതോണി ഗാന്ധിനഗർ കാരയ്ക്കാട്ട് പുത്തൻവീട്ടിൽ ടി.കെ.വിജയരാജിന്റെയും സി.എസ്.മഞ്ജുവിന്റെയും മൂത്ത മകനാണു തക്കുടു എന്ന  സൂരജ് (6). മകൻ  സൂരജിന് പനി കടുത്തതോടെയാണ് അക്കരക്കടത്തണം എന്ന ആവശ്യവുമായി വിജയരാജ് ചെറുതോണി പാലത്തിന്റെ കരയിലെത്തുന്നത്. അക്കരെയ്ക്ക് വിടാനാവില്ലെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. കുഞ്ഞിന്റെ അവസ്ഥ മനസിലാക്കിയതോടെയാണ് മറുകരയിലുള്ള സർക്കിൾ ഇൻസ്പെക്ടറെ വിവരം അറിയിച്ചു. ദുരന്തനിവാരണ സേനാംഗമായ കനയ്യകുമാറാണ് കുഞ്ഞിനെ വാങ്ങി മാറോടടുക്കിപ്പിടിച്ച് മറുകരയെത്തിച്ചത്. അതിനുപിന്നാലെ ചെറുതോണിപ്പാലം വെള്ളം കൊണ്ട് മൂടിപ്പോയിരുന്നു.