ഇന്നു മുതൽ 23 വരെ എല്ലാ പരീക്ഷകളും മാറ്റി; പ്രവേശന നടപടികൾ തുടരും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2021 07:55 AM  |  

Last Updated: 20th October 2021 07:55 AM  |   A+A-   |  

exam

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഇന്നു മുതൽ 23 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും കേരള, കാലിക്കറ്റ്, കൊച്ചി സർവകലാശാലകൾ മാറ്റിവച്ചു. ഇന്നുമുതൽ 22 വരെയുള്ള പരീക്ഷകൾ കണ്ണൂർ സർവകലാശാലയും മാറ്റി. ആരോഗ്യ സർവകലാശാലയും ഇന്നത്തെ പരീക്ഷകൾ മാറ്റിയിട്ടുണ്ട്. 

ശനിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണെങ്കിലും പ്രവേശന നടപടികൾ തുടരാമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. അതേസമയം 23 വരെ പരീക്ഷകൾ പാടില്ലെന്നും ഉത്തരവിലുണ്ട്. സാങ്കേതികവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഫൈൻ ആർട്‌സ് കോളജുകളിലേക്കുള്ള നാളത്തെ ബിഎഫ്എ പ്രവേശന പരീക്ഷ 26ലേക്കു മാറ്റി. ഫിഷറീസ് സർവകലാശാല (കുഫോസ്) 21, 22, 23 തീയതികളിലെ പിജി സ്പോട് അഡ്മിഷൻ 27, 28, 29 തീയതികളിലേക്കു മാറ്റി. 

സംസ്ഥാനത്ത് അതിശക്തമായ മഴ

ഇന്നുമുതൽ ഒക്ടോബർ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും നാളെ കണ്ണൂർ, കാസർകോഡ്  ജില്ലകൾ ഒഴികെ മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.