വിദേശത്ത് ഡോക്ടറാണെന്ന് പറഞ്ഞ് സൗഹൃദം; 'സ്വര്‍ണവും പണവും സമ്മാനങ്ങളും അയച്ചിട്ടുണ്ട്'; ലക്ഷങ്ങള്‍ തട്ടിയെടുത്തു; ദമ്പതികള്‍ അറസ്റ്റില്‍

തൃശൂര്‍ സ്വദേശിനിക്ക് 70000 യുകെ പൗണ്ടും സ്വര്‍ണവും അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ച് 35 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്
പണം തട്ടിയെടുത്തതിന് അറസ്റ്റിലായ ദമ്പതികള്‍
പണം തട്ടിയെടുത്തതിന് അറസ്റ്റിലായ ദമ്പതികള്‍

തൃശൂര്‍: വിദേശത്ത് ഡോക്ടറാണെന്ന് പറഞ്ഞ് ഫെയ്‌സ് ബുക്കിലൂടെ സ്ത്രീകളെ പരിചയപ്പെടുകയും വിദേശപണവും സ്വര്‍ണവും പഴ്‌സല്‍ ആയി അയച്ചിട്ടുണ്ട് എന്നു പറഞ്ഞ് നികുതി, പ്രൊസസിങ് ഫീസ് ഇനത്തില്‍ വന്‍തുക ഈടാക്കുകയും ചെയ്യുന്ന തട്ടിപ്പുസംഘത്തിലെ കണ്ണികളായ മണിപ്പുര്‍ സ്വദേശിനിയും ഭര്‍ത്താവും അറസ്റ്റില്‍. മണിപ്പുര്‍ ഈസ്റ്റ് സര്‍ദാര്‍ ഹില്‍സ് സേനാപതി തയോങ്ങ് സ്വദേശികളായ റുഗ്‌നിഹുയ് കോം, ഭര്‍ത്താവ് ഹൃഗ്‌നിതേങ് കോം എന്നിവരാണ് സിറ്റി സൈബര്‍ പൊലീസിന്റെ പിടിയിലായത്. 

ദമ്പതികളില്‍ സ്ത്രീയാണു മറ്റു സ്ത്രീകളെ ഫോണില്‍ വിളിച്ചിരുന്നത്. ബാങ്ക് അക്കൗണ്ട് ഉണ്ടാക്കുകയും സിം കാര്‍ഡ് സംഘടിപ്പിക്കുകയുമാണ് ഭര്‍ത്താവു ചെയ്തത്. തൃശൂര്‍ സ്വദേശിനിക്ക് 70000 യുകെ പൗണ്ടും സ്വര്‍ണവും അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ച് 35 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.

ഫെയ്‌സ്ബുക്കിലുടെ സൗഹൃദം സ്ഥാപിക്കും
 

ഫെയ്‌സ് ബുക്കില്‍ ഫ്രന്റ് റിക്വസ്റ്റ് അയച്ച് പരിചയപ്പെട്ട ശേഷം വിദേശത്തുനിന്നു വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ട് എന്ന് സ്ത്രീകളോട് പറയുകയാണ് തട്ടിപ്പിന്റെ ആദ്യപടി. പിന്നീട് ഇന്ത്യയിലെ പാഴ്‌സല്‍ കമ്പനിയില്‍ നിന്നാണെന്ന് പറഞ്ഞ് സ്ത്രീകളെ വിളിച്ച് പാഴ്‌സലിനകത്ത് വിദേശ പണവും സ്വര്‍ണവും ആണ് എന്നും പറഞ്ഞ് വിശ്വസിപ്പിക്കും. ഇത് കൈപ്പറ്റുന്നതിനുള്ള നികുതി, ഇന്‍ഷുറന്‍സ്, പണം ഇന്ത്യന്‍ രൂപയായി മാറ്റാനുള്ള പ്രൊസസിങ്ങ് ഫീസ് തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് വന്‍ തുക വിവിധ അക്കൗണ്ടുകളിലേക്ക് അയപ്പിക്കുകയാണ് അടുത്ത ഘട്ടം.

ഡല്‍ഹി, ബംഗളുരു എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന വന്‍ തട്ടിപ്പു സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് സിറ്റി സൈബര്‍ പൊലീസ് പറഞ്ഞു. പ്രതികളില്‍ നിന്നു മൊബൈല്‍ ഫോണുകളും, എടിഎം കാര്‍ഡുകളും  സിം കാര്‍ഡുകളും ചെക്ക് ബുക്കുകളും കണ്ടെടുത്തു. ബംഗളുരുവില്‍ 10 ദിവസത്തോളം താമസിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 2 മാസം കൂടുമ്പോള്‍ താമസസ്ഥലം മാറുകയാണ് ഇവര്‍ ചെയ്തിരുന്നത്.  സൈബര്‍ െ്രെകം ഇന്‍സ്‌പെക്ടര്‍ എഎ അഷറഫ്, എസ്‌ഐ എംഒ നൈറ്റ്, എഎസ്‌ഐ സതീഷ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്. തൃശ്ശരില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com