അണക്കെട്ട് തുറന്നതോടെ ഭീമന്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ പുഴയിലേക്ക് ; പാലത്തില്‍ നിന്നും എടുത്തു ചാടി യുവാക്കള്‍ ; സാഹസിക മീന്‍പിടുത്തം ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2021 10:56 AM  |  

Last Updated: 20th October 2021 10:56 AM  |   A+A-   |  

thenmala fish hunt

മീന്‍ പിടിക്കാന്‍ പുഴയിലേക്ക് ചാടുന്നു / വീഡിയോ ദൃശ്യം


കൊല്ലം : അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ ഒഴുകിയെത്തിയ ഭീമന്‍ മത്സ്യങ്ങള്‍ പിടിക്കാന്‍ യുവാക്കള്‍ പുഴയിലേക്ക് ചാടി. യുവാക്കളുടെ സാഹസികത സമൂഹമാധ്യമങ്ങളില്‍ വൈറലായി. പരപ്പാര്‍ അണക്കെട്ട് തുറന്നതോടെയാണ് വെള്ളത്തിനൊപ്പം നിരവധി മത്സ്യങ്ങളും കല്ലടയാറ്റിയേക്ക് ഒഴികിയെത്തിയത്. തിരുവനന്തപുരം - ചെങ്കോട്ട സംസ്ഥാനാന്തര പാതയിലെ പാലത്തില്‍ നിന്നുമാണ് യുവാക്കള്‍ കല്ലടയാറ്റിലേക്കു ചാടുന്നത്.

ഒഴുകിയെത്തിയത് 20 കിലോ തൂക്കമുള്ള മത്സ്യങ്ങള്‍ വരെ

മത്സ്യം പാലത്തിന് നിശ്ചിത ദൂരത്തില്‍ എത്തുമ്പോള്‍ താഴേക്കും ചാടും. മത്സ്യത്തിനൊപ്പം ഇവരും കുറെദൂരം ഒഴുകിപ്പോകും. മീനുകളെ പിടിച്ചശേഷം ഇവര്‍ നീന്തി കയയിലേക്ക് കയറും. കട്ട്‌ല ഇനത്തില്‍പ്പെട്ട മീനാണ് കൂടുതലായും ഒഴുകിയെത്തുന്നത്. 20 കിലോഗ്രാം തൂക്കം വരെയുള്ള മത്സ്യത്തെ ഇവിടെനിന്നും കിട്ടിയിട്ടുണ്ട്. കിലോയ്ക്ക് 250 രൂപ നിരക്കിലാണ് വില്‍ക്കുന്നത്. 

മുന്നറിയിപ്പുമായി പൊലീസ്

സാഹസികത നിറഞ്ഞ ഈ മീന്‍പിടുത്തത്തിനെതിരേ കേരള പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. ഡാം തുറന്നുവിടുമ്പോള്‍ ഒഴുകി വരുന്ന മീനുകളെ പിടിക്കാന്‍ പുഴയിലേക്ക് ചാടുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് അപകടമാണെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. പുഴയില്‍ ചാടിയുള്ള മീന്‍പിടുത്തത്തിനെതിരെ പൊലീസ് ശക്തമായി രംഗത്തുവന്നിട്ടും ഇത്തരം മീന്‍പിടുത്തം ഇപ്പോഴും യഥേഷ്ടം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

അപ്രതീക്ഷിത പേമാരിയെത്തുടര്‍ന്ന് തെന്മല പരപ്പാര്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കിവിട്ട് ജലനിരപ്പ് ക്രമീകരിക്കുകയാണ് ലക്ഷ്യം. ഷട്ടര്‍ തുറന്നതിനു പിന്നാലെ വലിയ അളവില്‍ ജലമാണ് കല്ലടയാറ്റിലെത്തിയത്. പുഴയുടെ പ്രദേശത്ത് താമസിക്കുന്നവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.