വാക്‌സിന്‍ ചരിത്രനേട്ടത്തില്‍ മോദിയെ പ്രകീര്‍ത്തിച്ച് തരൂര്‍;  ദുരിതത്തിലായവരെ അപമാനിക്കലെന്ന് കോണ്‍ഗ്രസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2021 03:35 PM  |  

Last Updated: 21st October 2021 03:35 PM  |   A+A-   |  

taroorbnbnmbjm

ശശി തരൂര്‍

 

ന്യൂഡല്‍ഹി: വാക്‌സിന്‍ വിതരണത്തില്‍ ഇന്ത്യയുടെ ചരിത്ര നേട്ടത്തെ പ്രകീര്‍ത്തിച്ച ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. മോദി സര്‍ക്കാരിന് ഇത്തരമൊരു ക്രഡിറ്റ് നല്‍കുന്നത് പകര്‍ച്ചവ്യാധി  നേരിടുന്നതിലുള്ള കെടുകാര്യസ്ഥതയെ തുടര്‍ന്ന് ദുരിതത്തിലായ ലക്ഷക്കണക്കിന് കുടുംബങ്ങളെ അപമാനിക്കലാണെന്ന് പവന്‍ ഖേര പറഞ്ഞു.

രാജ്യം ഇന്ന് കോവിഡ് വാക്‌സിന്‍ വിതരണം നൂറ് കോടി പിന്നിട്ടിരുന്നു. ചൈനയ്ക്ക് പിന്നാലെ ചരിത്രനേട്ടം കൈവരിച്ച ആദ്യരാജ്യമാണ് ഇന്ത്യ. ഇത് എല്ലാ ഇന്ത്യാക്കാര്‍ക്കും അഭിമാനിക്കാന്‍ വകനല്‍കുന്നുവെന്നും ഇതിന്റെ ക്രെഡിറ്റ് സര്‍ക്കാരിന് നല്‍കാമെന്നുമായിരുന്നു തരൂരിന്റെ ട്വീറ്റ്. രണ്ടാം കോവിഡ് തരംഗത്തിലെ സര്‍ക്കാരിന്റെ ദയനീയപരാജയം മറികടക്കാന്‍ ഇത് മൂലം സര്‍ക്കാരിന് കഴിഞ്ഞെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. 

 

ചരിത്രനേട്ടമെന്ന് മോദി
 

100 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തതിലൂടെ ഇന്ത്യ ചരിത്രം രചിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. വാക്സിന്‍ നിര്‍മാതാക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്സിന്‍ യജ്ഞത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കുമുള്ള നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന വാക്സിന്‍ യജ്ഞം പുതിയ ഇന്ത്യയുടെ സാധ്യതകളും പ്രാപ്തിയും ലോകത്തിന് കാണിച്ചുകൊടുക്കുന്നുവെന്ന് ഷാ ട്വീറ്റ് ചെയ്തു.

രാജ്യത്ത് വാക്സിന്‍ വിതരണം ആരംഭിച്ച് ഒമ്പത് മാസം പിന്നിടുമ്പോഴാണ് 100 കോടി ഡോസ് വാക്സിന്‍ വിതരണം എന്ന നിര്‍ണായക നേട്ടം ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ചൈനയ്ക്ക് ശേഷം നൂറ് കോടി ഡോസ് വാക്സിനേഷന്‍ നേട്ടം സ്വന്തമാക്കിയ രാജ്യമാണ് ഇന്ത്യ. ഈ നേട്ടം ആഘോഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വലിയ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.