ക്ലാസിനിടെ വിദ്യാർത്ഥിനികളുടേയും അധ്യാപകരുടേയും ചിത്രങ്ങൾ പകർത്തി അശ്ലീല സൈറ്റിലിട്ടു, പ്ലസ് വൺ വിദ്യാർത്ഥി അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2021 06:52 AM  |  

Last Updated: 21st October 2021 06:52 AM  |   A+A-   |  

Plus One student arrested

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; ഓൺലൈൻ ക്ലാസിനിടെ സഹപാഠികളുടേയും അധ്യാപികമാരുടേയും ചിത്രങ്ങൾ പകർത്തി അശ്ലീല സൈറ്റിൽ പോസ്റ്റ് ചെയ്ത വിദ്യാർത്ഥി അറസ്റ്റിൽ.  പ്ലസ് വൺ വിദ്യാർഥിയെയാണ് സൈബർ പൊലീസ് അറസ്റ്റു ചെയ്തത്. ക്ലാസിലെ 40 വിദ്യാർഥിനികളുടെയും 5 അധ്യാപികമാ‍രുടെയും ചിത്രങ്ങൾ പകർത്തിയാണ് അപകീർത്തിപ്പെടുത്തിയത്. 

സ്ക്രീൻ ഷോട്ട് പകർത്തി നമ്പർ ചേർത്ത് അശ്ലീലസൈറ്റിലിട്ടു

ഓൺലൈൻ ക്ലാസിനി‍ടെ ചിത്രങ്ങൾ സ്ക്രീൻ ഷോട്ടാ‍യി പകർത്തി. ഇതിനു ശേഷം അശ്ലീല കമന്റുകൾ ചേർത്ത് എഡി‍റ്റ് ചെയ്ത് ഇതേ വിദ്യാർഥിനികൾ ചെയ്തതെന്നു തോന്നിപ്പിക്കും വിധം സൈറ്റിൽ പോസ്‍റ്റ് ചെയ്തു.  മൊബൈൽ നമ്പറും ചേർത്തു. അജ്ഞാതരായ പലരിൽ നിന്നും അശ്ലീല സന്ദേശങ്ങളും ഭീഷണിയും ഫോണിലൂടെ വിദ്യാർഥിനികൾക്കും അധ്യാപകർക്കും നിരന്തരം ലഭിച്ചതോടെയാണ് പരാതി നൽകിയത്. തുടർന്ന് സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥിയാണ് ഇതിനുപിന്നാലെന്ന് തിരിച്ചറിയുകയായിരുന്നു. 

വഴക്കു പറഞ്ഞതിന് അധ്യാപകനെ​ കൊല്ലുമെന്ന് ഭീഷണി

പേരു വെളിപ്പെടുത്താതെ അപരിചിതരുമായി ചാറ്റ് ചെയ്യാൻ സാധിക്കുന്ന കനേഡിയൻ ഡേറ്റിങ് സൈറ്റിലൂ‍ടെയാണ് വിദ്യാർഥി ഇതു ചെയ്തത്. ഇതു കൂടാതെ വഴക്കു പറഞ്ഞതിന് അധ്യാപകനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി‍യതായും പൊലീസ് പറഞ്ഞു.

സഹപാഠികളുടെ ചിത്രം ഉപയോഗിച്ച് ചാറ്റിങ്ങും

ഉപയോഗിക്കുന്നവരുടെ തിരിച്ചറിയൽ വിവരങ്ങളൊന്നും ലഭ്യമല്ലാത്ത വെബ്സൈറ്റിൽ നിന്നു കുറ്റവാളിയെ കണ്ടെത്തുന്ന‍തിനായി രണ്ടാഴ്ചയിലേറെ പൊലീസ് ഒട്ടേറെ നെറ്റ് വർക്കുകളും ഫോണുകളും നിരീ‍ക്ഷിച്ചു. തുടർന്നാണ് വിദ്യാർഥിയെ തിരിച്ചറിഞ്ഞത്. ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു. സഹപാഠികളുടെ ചിത്രം ഉപയോഗിച്ച് ചാറ്റ് ചെയ്തതിന്റെ തെളിവു ലഭിച്ചു.