സില്‍വര്‍ ലൈന് കേന്ദ്രത്തിന്റെ കുരുക്ക്; കടബാധ്യത ഏറ്റെടുക്കാനാകില്ല; വായ്പയില്‍ വ്യക്തത വരുത്താന്‍ നിര്‍ദേശം

നിലവില്‍ കേന്ദ്ര ധനമന്ത്രാലയം ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു
പിണറായി വിജയൻ കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തുന്നു / ഫെയ്സ്ബുക്ക്
പിണറായി വിജയൻ കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തുന്നു / ഫെയ്സ്ബുക്ക്

ന്യൂഡല്‍ഹി : സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. അതിവേഗ റയില്‍ പദ്ധതിയുടെ കടബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജ്യാന്തര ഏജന്‍സികളുടെ വായ്പ ബാധ്യത സംബന്ധിച്ച് വ്യക്തത വരുത്താനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രസര്‍ക്കര്‍ നിലപാട് അറിയിച്ചത്. 

അന്തിമ അനുമതി വേഗത്തിലാക്കണം

കേന്ദ്രമന്ത്രിയെ കണ്ട് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാലു മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന സെമി ഹൈസ്പീഡ് റെയില്‍ ലൈന്‍ പ്രോജക്ടായ സില്‍വര്‍ ലൈനിനുള്ള അന്തിമ അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിനായി അന്താരാഷ്ട്ര ഏജന്‍സികള്‍ മുഖേന എടുക്കുന്ന ലോണുകളുടെ കടബാധ്യത ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തി. ഇത് സംസ്ഥാനത്തിന് ഏറ്റെടുക്കാനാകുമോ എന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 

കടബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് റെയില്‍വേ

33,700 കോടി രൂപ കേന്ദ്ര സാമ്പത്തികകാര്യ വകുപ്പു മുഖാന്തിരം ജി.ഐ.സി.എ, എഡിബി, എഐ ഐ ബി, കെ.എഫ്.ഡബഌൂ എന്നീ ഏജന്‍സികളില്‍ നിന്ന് ലോണായി കണ്ടെത്താനാണ് പ്രൊപ്പോസല്‍. പ്രോജക്ടിനെ കൂടുതല്‍ പ്രായോഗികമാക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് കേന്ദ്ര റെയില്‍ മന്ത്രാലയം ആലോചിക്കുന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. കടബാധ്യത റെയില്‍വേയ്ക്ക് ഏറ്റെടുക്കാന്‍ കഴിയാത്തതിനാല്‍ ഇത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ നടക്കും.

63,941 കോടിയുടെ പ്രോജക്ട് 

63,941 കോടി രൂപയുടെ പ്രോജക്ടാണ് സില്‍വര്‍ ലൈന്‍. ഇതില്‍ 2150 കോടി രൂപയാണ് കേന്ദ്ര വിഹിതം. 975 കോടി മതിപ്പുവിലയുള്ള 185 ഹെക്ടര്‍ ഭൂമിയും റെയില്‍വേയുടേതാണ്. ബാക്കി തുക സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടതുണ്ട്.   13,362 കോടി ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി വരും. ഇത് ഹഡ്‌കോയും  കിഫ്ബിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വഹിക്കും. ബാക്കിയുള്ള തുക റെയില്‍വേ, സംസ്ഥാന സര്‍ക്കാര്‍, പബ്ലിക് എന്നിങ്ങനെ ഇക്വിറ്റി വഴി കണ്ടെത്തും. 

പ്രോജക്ടിന് റെയില്‍വേ മന്ത്രാലയം പ്രാഥമിക അംഗീകാരം നല്‍കുകയും അന്തിമ അനുമതിക്കായി ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ കേന്ദ്ര ധനമന്ത്രാലയം ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

നാലു മണിക്കൂറില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ മണിക്കൂറില്‍ 200 kmph വേഗത്തില്‍ യാത്രാ ട്രെയിന്‍ ഓടിക്കാന്‍ വിഭാവനം ചെയ്ത അര്‍ദ്ധാതിവേഗ ട്രയിന്‍(Semi high-speed) പദ്ധതിയാണിത്. റയില്‍വേ ബോര്‍ഡും കേരള സര്‍ക്കാരും സംയുക്തമായി  ചേര്‍ന്ന് രൂപം നല്‍കിയ കേരളാ റയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണിതിന്റെ (K-Rail) നിര്‍മ്മാണ ചുമതല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com