മോൻസനിൽ നിന്ന് സ്പോൺസർഷിപ്പ്; പ്രസ് ക്ലബ് ഭാരവാഹികളെ മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd October 2021 09:17 PM  |  

Last Updated: 22nd October 2021 09:54 PM  |   A+A-   |  

monson mavunkal

മോന്‍സന്‍ മാവുങ്കൽ

 

കൊച്ചി: കുടുംബ മേളയ്‌ക്കായ്‌ മോൻസൻ മാവുങ്കലിൽ നിന്ന് സ്‌പോൺസർഷിപ്പ് വാങ്ങിയതിൽ ജാഗ്രതക്കുറവുണ്ടായെന്ന് എറണാകുളം പ്രസ് ക്ലബ്. മോൻസസനുമായി ബന്ധപ്പെട്ടു ഉയർന്ന ആരോപണങ്ങളുടെ സാഹചര്യത്തിൽ ചേർന്ന അടിയന്തര ജില്ലാ കമ്മിറ്റി യോ​ഗത്തിലാണ് വിലയിരുത്തൽ. 

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി ശശികാന്ത്, ട്രഷറർ സിജോ പൈനാടത്ത് എന്നിവർ തത്സ്ഥാനങ്ങളില്‍ നിന്ന് മാറി നിൽക്കാൻ തയ്യാറാണെന്ന് കമ്മിറ്റിയെ അറിയിച്ചു. ഇക്കാര്യം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. പകരം സി എൻ റെജിയെ സെക്രട്ടറിയായും ജിപ്സൺ സിക്കേരയെ പ്രസിഡന്റായും ജീന പോളിനെ ട്രഷറർ ആയും താത്കാലിക  ചുമതല നൽകി. ഇക്കാര്യം സംസ്ഥാന കമ്മിറ്റിയെ അറിയിക്കാനും തീരുമാനിച്ചു.

സഹിൻ ആന്റണിയെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് നീക്കം ചെയ്യാൻ ശുപാർശ

കുടുംബ മേളയ്‌ക്കായ്‌ മോൻസനിൽ നിന്ന് സ്‌പോൺസർഷിപ്പ് വാങ്ങിയതിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം സഹിൻ ആന്റണി ജില്ലാ കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചതായി യോ​ഗം വിലയിരുത്തി. വലിയ തോതിൽ പണം തിരിമറി നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ  കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സഹിനെ തത്സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചു. 

മോൻസൻ കേസിൽ പൊലീസ് അന്വേഷണം തുടരുന്നതിനാൽ സഹിൻ കെയുഡബ്ല്യുജെയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കം ചെയ്യാൻ സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്യാനും യോഗം തീരുമാനിച്ചു. മോൻസൻ വിഷയത്തിൽ പ്രസ് ക്ലബുമായി ചേർത്ത് പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെക്കുറിച്ചു അനേഷിക്കണമെന്ന് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്തു .