ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഉൾപ്പടെ പത്ത് ഡാമുകളിൽ റെഡ് അലർട്ട്, മുല്ലപ്പെരിയാറിലും ജലനിരപ്പിൽ വർധന

ചെറുതോണി അണക്കെട്ടിൽ ചൊവ്വാഴ്ച ഷട്ടർ തുറക്കുമ്പോൾ 2398.08 അടിയായിരുന്ന ജലനിരപ്പ് ഇന്നലെ രാത്രി പത്തിന് 2398.30 അടിയായി വർധിച്ചു
എക്സ്പ്രസ് ഫോട്ടോ
എക്സ്പ്രസ് ഫോട്ടോ

ഇടുക്കി; ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ജില്ല ഭരണകൂടം അറിയിച്ചു. റൂൾ കർവ് അനുസരിച്ചാണ് അലർട്ടിൽ മാറ്റം വരുത്തിയിരിക്കുന്നത്. നിലവിൽ ജലനിരപ്പ് 2398.30 അടിയാണ്. മുല്ലപ്പെരിയാറിലേയും ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. 

വൃഷ്ടിപ്രദേശത്ത് മഴ ശക്തം

നിലവില്‍ ഇടുക്കി ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ ഉയര്‍ത്തി 100 ക്വുമെക്‌സ് ജലം പുറത്തേക്കൊഴുക്കുന്നുണ്ട്. എന്നാല്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. അണക്കെട്ടിന്റെ പൂര്‍ണശേഷി 2403 അടിയാണ്.  കൂടാതെ സംസ്ഥാനത്തെ മൂന്നു ഡാമുകളിൽ കൂടി റെഡ് അ‌ലർട്ടാണ്. 

കക്കി, ഷോളയാർ, പൊന്മുടി, പെരിങ്ങൽക്കുത്ത്, കുണ്ടള, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പീച്ചി അണക്കെട്ടുകളിലും റെഡ് അലർട്ടാണ്. കൂടാതെ മാട്ടുപ്പെട്ടി, ചിമ്മിണി, ചുള്ളിയാർ, മലമ്പുഴ, മംഗലം, മീങ്കര അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ടുമുണ്ട്.

മുല്ലപ്പെരിയാറിൽ 135.30

ചെറുതോണി അണക്കെട്ടിൽ ചൊവ്വാഴ്ച ഷട്ടർ തുറക്കുമ്പോൾ 2398.08 അടിയായിരുന്ന ജലനിരപ്പ് ഇന്നലെ രാത്രി പത്തിന് 2398.30 അടിയായി വർധിച്ചു. മുല്ലപ്പെരിയാർ ജലനിരപ്പും 135.30 അടിയായി കൂടി. 136 അടി കവിഞ്ഞാൽ സ്പിൽവേയിലെ ഷട്ടറുകളിലേക്കു വെള്ളമെത്തും. പിന്നീട് എപ്പോൾ വേണമെങ്കിലും ഷട്ടറുകൾ ഉയർത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കാം. ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നിരിക്കുന്നതിനാൽ മുല്ലപ്പെരിയാറിലെ വെള്ളം കൂടിയെത്തിയാൽ ജലനിരപ്പ് പിന്നെയും കൂടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com