'വനിതാ പ്രവര്‍ത്തകയെ കടന്നുപിടിച്ചു, ജാതീയമായി അധിക്ഷേപിച്ചു'; എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd October 2021 11:26 AM  |  

Last Updated: 23rd October 2021 11:26 AM  |   A+A-   |  

MG university

എംജി യൂണിവേഴ്‌സിറ്റിയില്‍ എസ്എഫ്‌ഐ - എഐഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയപ്പോള്‍/വിഡിയോ ദൃശ്യം

 

കോട്ടയം: എംജി സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസ്. എസ്എഫ്‌ഐയുടെ പരാതിയില്‍ ഏഴ് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തത്. 

വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ വനിതാ നേതാവിനെ കടന്നുപിടിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്‌തെന്ന പരാതിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐ നേതാക്കള്‍ സമാന പരാതി നല്‍കുകയായിരുന്നു. ഇന്നലെ രാത്രിയാണ് പരാതിയില്‍ കേസെടുത്തത്. 

ഏഴ് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് എസ്എഫ്‌ഐയുടെ പരാതി. തങ്ങളുടെ ഒരു വനിതാ പ്രവര്‍ത്തകയെ കടന്നുപിടിച്ചു. മറ്റൊരു വനിതാ പ്രവര്‍ത്തകയെ ജാതീയമായി അധിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങളാണ് എസ്എഫ്‌ഐയുടെ പരാതിയിലുള്ളത്. 

എഐഎസ്എഫ് വനിതാ നേതാവ് നല്‍കിയ പരാതിയില്‍ എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ആര്‍ഷോ, സെക്രട്ടറി അമല്‍, ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം അരുണ്‍, പ്രജിത്ത് കെ. ബാബു എന്നിവരുള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയാണ് കേസെടുത്തത്.