

തൊടുപുഴ: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 136.95 അടിയാണ് ഇപ്പോഴത്തെ ജല നിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് വീണ്ടും കൂടി. പകൽ നീരൊഴുക്ക് കുറഞ്ഞെങ്കിലും വൈകീട്ടോടെ കാടിനുള്ളിൽ പെയ്ത മഴയാണ് ജല നിരപ്പ് വീണ്ടും കൂടാൻ കാരണം. ജലനിരപ്പ് 138 അടിയിലെത്തിയാൽ രണ്ടാമത്തെ അറിയിപ്പ് നൽകും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂർത്തിയാക്കിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
ആശങ്കകൾ പരിഹരിക്കാൻ നടപടി
ദേശീയ ദുരന്ത നിവാരണ സേനയും റവന്യു സംഘവും സംയുക്തമായി മുല്ലപ്പെരിയാർ അണക്കെട്ടിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ബോധവത്കരണമടക്കമുള്ള പരിപാടികൾ നടത്തിയിട്ടുണ്ട്. പെരിയാർ തീരത്തുള്ളവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായിരുന്നു നടപടി.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഡാമിൽ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻറെ അളവ് കൂട്ടുകയും ചെയ്തു. വരും ദിവസങ്ങളിൽ മഴ ഒഴിഞ്ഞ് നിന്നാൽ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ പരമാവധി സംഭരണ ശേഷിയായ 142 അടിയിലേക്ക് എത്താൻ സാധ്യതയില്ല.
അഥവാ ജലനിരപ്പ് ഉയർന്നാലും ആശങ്കപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കാനായിരുന്നു ബോധവത്കരണം. 2018ലേതിന് സമാനമായ സാഹചര്യം നിലവിലില്ല. കുറഞ്ഞ അളവിൽ അണക്കെട്ട് തുറക്കേണ്ടി വന്നാൽ കുറച്ച് പേരെ മാത്രമാണ് മാറ്റിപ്പാർക്കേണ്ടി വരിക. ഇവരുടെ പട്ടിക തയ്യാറാക്കി, മാറ്റുന്നതിന് ആവശ്യമായ വാഹനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും കണ്ടെത്തിയിട്ടുണ്ട്. ഭീഷണി ഒഴിയും വരെ പ്രദേശത്തെ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് ആർഡിഒയുടെയും രണ്ട് സബ്കലക്ടർമാരുടെയും നേതൃത്വത്തിൽ റവന്യു സംഘത്തെയും എൻഡിആർഎഫിനെയും വിന്യസിച്ചെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates