മുന്‍ഭാര്യയുടെ വീട്ടില്‍ ഓട് പൊളിച്ച് കയറി; പേരക്കുട്ടിയുടെ കഴുത്തില്‍ നിന്ന് മാല മോഷ്ടിച്ച് കടന്നു; പൊലീസ് പിടിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th October 2021 09:24 AM  |  

Last Updated: 29th October 2021 09:24 AM  |   A+A-   |  

robbery in aluva

പ്രതീകാത്മക ചിത്രം

 

ചെര്‍പ്പുളശ്ശേരി: മുന്‍ഭാര്യയുടെ വീടിനകത്ത് ഓട് പൊളിച്ച് കയറി സ്വര്‍ണവും പണവും കവര്‍ന്നയാള്‍ അറസ്റ്റില്‍. രണ്ട് പവന്റെ സ്വര്‍ണാഭരണവും 5,500 രൂപയുമാണ് കവര്‍ന്നത്. 

പട്ടാമ്പി ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര പറമ്പില്‍ വീട്ടില്‍ മുഹമ്മദ് കബീര്‍(48)ആണ് അറസ്റ്റിലായത്. കുലുക്കല്ലൂര്‍ മപ്പാട്ടുകര കൊപ്പല്‍ത്തൊടി വീട്ടില്‍ സൈനബയുമായുള്ള മുഹമ്മദിന്റെ വിവാഹ ബന്ധം രണ്ടാഴ്ച മുന്‍പ് വേര്‍പെടുത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാള്‍ സൈനബയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയത്.

രാത്രിയില്‍ ഓട് പൊളിച്ച് സൈനബയുടെ വീട്ടില്‍ കയറിയ മുഹമ്മദ് ഉറങ്ങി കിടന്നിരുന്ന പേരക്കുട്ടിയുടെ കഴുത്തില്‍ നിന്ന് ഒന്നേകാല്‍ പവന്റെ സ്വര്‍ണ മാല ഊരി എടുത്തു. അലമാരയില്‍ നിന്ന് മുക്കാല്‍ പവന്റെ വളയും പണവും മോഷ്ടിച്ചു. 

വീടിന്റെ അടുക്കള വാതില്‍ വഴിയാണ് ഇയാള്‍ രക്ഷപെട്ടത്. രാവിലെ സൈനബയും മകളും ഉണര്‍ന്നപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടമായത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഇവര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ പരിശോധനയില്‍ മുഹമ്മദ് കബീര്‍ താമസിക്കുന്ന ഓങ്ങല്ലൂരിലെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കണ്ടെത്തി.