തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കി എന്ന സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിഷയത്തില്‍, കുട്ടിക്കു വേണ്ടി സമരരംഗത്തുള്ള അമ്മ അനുപമയെയും ഭര്‍ത്താവ് അജിത്തിനുമെതിരെ മന്ത്രി സജി ചെറിയാന്‍. തിരുവനന്തപുരത്ത് കാര്യവട്ടം ക്യാംപസില്‍ സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന 'സമം' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇരുവര്‍ക്കുമെതിരെ തുറന്നടിച്ചത്.
''കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം.
എന്തെല്ലാം സ്വപ്നങ്ങളാവും കണ്ടിട്ടുണ്ടാവുക
എനിക്കും മൂന്നു പെണ്‍കുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നത്.'' മന്ത്രി പറഞ്ഞു.
മദ്യശാല തുടങ്ങിയാല്‍ പ്രതിഷേധമാണ്
മദ്യശാലകള്‍ക്കും ലൈംഗികതയ്ക്കും എതിരെയുള്ള നിലപാടിനെയും മന്ത്രി സജി ചെറിയാന്‍ വിമര്‍ശിച്ചു. സ്‌പെയിനില്‍ 2.56 ലക്ഷം മദ്യശാലകളുണ്ട്. തിരക്കും ക്യൂവുമില്ല. ഇവിടെ മദ്യശാല തുടങ്ങിയാല്‍ പ്രതിഷേധമാണ്. സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി വാങ്ങിക്കുടിക്കുമെന്ന് മന്ത്രി പറഞ്ഞു.
സെക്‌സ് എന്നു പറഞ്ഞാല്‍ തന്നെ പൊട്ടിത്തെറി
സ്‌പെയിനിലെ ടൂറിസത്തില്‍ പ്രധാനം സെക്‌സ് ടൂറിസമാണ്. ഇവിടെ സെക്‌സ് എന്നു പറഞ്ഞാല്‍തന്നെ പൊട്ടിത്തെറിയാണ്.സ്‌പെയിനില്‍ ചെറുപ്പക്കാര്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നത് വ്യാപകമായപ്പോള്‍ ആവശ്യമുള്ളവര്‍ക്ക് കഞ്ചാവ് ചെടി വളര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അതോടെ ഉപയോഗം നിലച്ചു. ഇവിടെ നമ്മള്‍ എല്ലാം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്.
നിയമം മൂലം ക്യാംപസിലെ സംഘടനാ പ്രവര്‍ത്തനം പുന:സ്ഥാപിക്കണം. കുറേ പഠിക്കുക, കുറേ ഛര്‍ദിക്കുക, എല്ലാവരും ജയിക്കുക. ഇതുമൂലം തുടര്‍ന്നു പഠിക്കാന്‍ സീറ്റില്ലാത്ത അവസ്ഥയാണ്. പാവം വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി വിഷമിക്കുകയാണെന്നും സജി ചെറിയാന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates