തമിഴ്‌നാട് ഉദ്യോഗസ്ഥരെ സാക്ഷിയാക്കി കേരളം വെള്ളം തുറന്നുവിടുന്നു; മുല്ലപ്പെരിയാര്‍ ജലനിരപ്പ് താഴ്ത്തുന്നതിന് എതിരെ പനീര്‍ശെല്‍വം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2021 02:41 PM  |  

Last Updated: 30th October 2021 02:41 PM  |   A+A-   |  

Mullaperiyar dam

മുല്ലപ്പെരിയാര്‍ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുന്നു/വിഡിയോ ദൃശ്യം

 

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടു തുറന്നു ജലനിരപ്പു താഴ്ത്തുന്നതില്‍ എതിര്‍പ്പുമായി തമിഴ്‌നാട്ടിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെ. തമിഴ്‌നാട് ഉദ്യോഗസ്ഥരെ സാക്ഷിയാക്കി കേരളം വെള്ളം തുറന്നുവിടുകയാണെന്ന് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ കോഓര്‍ഡിനേറ്ററുമായ ഒ പനീര്‍ശെല്‍വം കുറ്റപ്പെടുത്തി.

മുല്ലപ്പെരിയാറില്‍ 142 അടി വെള്ളം സംഭരിക്കാമെന്ന് സുപ്രീം കോടതി വിധി ഉള്ളതാണെന്ന് പനീര്‍ശെല്‍വം പറഞ്ഞു. ഇപ്പോള്‍ തമിഴ്‌നാട് ഉദ്യോഗസ്ഥരെ സാക്ഷിയാക്കി 514 ക്യൂസെക്‌സ് വെള്ളം കേരളം ഒഴുക്കിവിടുകയാണ്. തമിഴ്‌നാടിന്റെ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണിത്. മുഖ്യമന്ത്രി സ്റ്റാലിന്‍ ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടണമെന്ന് പനീര്‍ശെല്‍വം ആവശ്യപ്പെട്ടു.

കേരളത്തിലെ ജലസേചന മന്ത്രി, റവന്യൂ മന്ത്രി, ഇടുക്കി കലക്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വെള്ളം തുറന്നുവിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് അവകാശപ്പെട്ട വെള്ളമാണിത്. തേനി, മധുര, ദിണ്ടിഗല്‍, ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ കര്‍ഷകര്‍ മുല്ലപ്പെരിയാറില്‍നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്. വെള്ളം തുറന്നുവിടുന്നതിന് എതിരെ തേനി കലക്ടര്‍ക്ക് അവര്‍ നിവേദനം നല്‍കിയിട്ടുണ്ട്- പനീര്‍ശെല്‍വം പറഞ്ഞു.

അണക്കെട്ടില്‍ പൂര്‍ണ തോതില്‍ വെള്ളം സംഭരിക്കാമെന്ന് വിദഗ്ധര്‍ വ്യ്ക്തമാക്കിയിട്ടുള്ളതാണെന്ന് എഐഎഡിഎംകെ നേതാവ് പറഞ്ഞു.