കൂടുതല്‍ വെള്ളം പുറത്തേക്ക്; മുല്ലപ്പെരിയാറില്‍ ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി;  1675 ക്യുസെക്‌സ് ജലം പെരിയാറിലേക്ക് ( വീഡിയോ)

സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ വൈകീട്ട് ഉന്നതതലയോഗം ചേരും
മുല്ലപ്പെരിയാർ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നു/ വീഡിയോ ദൃശ്യം
മുല്ലപ്പെരിയാർ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നു/ വീഡിയോ ദൃശ്യം

ഇടുക്കി: ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. നിലവില്‍ തുറന്നിരിക്കുന്ന മൂന്നു ഷട്ടറുകള്‍ 70 സെന്റിമീറ്ററായിട്ടാണ് ഉയര്‍ത്തിയത്. ഇതുവഴി സെക്കന്‍ഡില്‍ 1675 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. 

നേരത്തെ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി 825 ഘനയടി വെള്ളമാണ് ഒഴുക്കിയിരുന്നത്. എന്നാല്‍ ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ കൂടുതല്‍ ജലം തുറന്നുവിട്ട് ജലനിരപ്പ് 138 അടിയിലെത്തിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിന്റെ അപ്പര്‍ റൂള്‍ കര്‍വ് ലെവല്‍ 138 അടിയാണ്. 

പെരിയാറില്‍ വെള്ളം ഉയരും, ആശങ്ക വേണ്ടെന്ന് മന്ത്രി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ, പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയരും. നേരത്തെ മുല്ലപ്പെരിയാര്‍ തുറന്നതിനെ തുടര്‍ന്ന്, പെരിയാറില്‍ ജലനിരപ്പ് ഒന്നരയടി ഉയര്‍ന്നിരുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ വൈകീട്ട് ഉന്നതതലയോഗം ചേരും. 

നീരൊഴുക്ക് കൂടി

ജലനിരപ്പ് 139 അടിയിലേക്ക് ഉയരുകയാണ്.  138. 95 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ രാവിലെ അണക്കെട്ട് തുറക്കുമ്പോള്‍ 138.80 അടിയായിരുന്നു ജലനിരപ്പ്. നിലവില്‍ 138 അടിയാണ് അപ്പര്‍ റൂള്‍ കര്‍വ് ലെവല്‍. അണക്കെട്ടിലേക്ക്  3160 അടി ജലം ഒഴുകിയെത്തുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2400 ക്യൂമെക്‌സ് ജലമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. 

അണക്കെട്ട് തുറന്നിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ജലനിരപ്പ് റൂള്‍ കര്‍വ് ആയ 138 അടിയിലേക്ക് താഴാത്ത, സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകുകയോ,  സ്പില്‍വേ വഴി തുറന്നു വിടുകയോ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്‌നാടിന് രേഖാമൂലം കത്തു നല്‍കിയതായും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. 

തമിഴ് നാടിന്റെ വീഴ്ച

റൂള്‍ കര്‍വിലേക്ക് ജലനിരപ്പ് എത്തിക്കണം. റൂള്‍ കര്‍വിലേക്ക് എത്തിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.5000 ഘനയടി ജലം തുറന്നു വിട്ടാലും പെരിയാര്‍ തീരത്ത് വലിയ പ്രശ്‌നം ഉണ്ടാകില്ല.  പെരിയാര്‍ തീരത്തെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. കൂടുതല്‍ വെള്ളം മുല്ലപ്പെരിയാര്‍ നിന്ന് എത്തിയാലും ഇടുക്കി തുറക്കേണ്ടി വരില്ല. ജലനിരപ്പ് റൂള്‍ കര്‍വിലേക്ക് താഴ്ത്താന്‍ കഴിയാത്തത് തമിഴ് നാടിന്റെ വീഴ്ച്ചയായി കാണണമെന്നും റോഷി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com