'മതപരമായ ചികിത്സ മതി'; പനി ബാധിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയില്ല, പതിനൊന്നുകാരി മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 31st October 2021 03:40 PM |
Last Updated: 31st October 2021 03:40 PM | A+A A- |

ഫാത്തിമ
കണ്ണൂര്‍: കണ്ണൂര്‍ നാലുവയലില്‍ പനിബാധിച്ച പെണ്‍കുട്ടി മരിച്ചു. ഹിദായത്ത് വീട്ടിലെ പതിനൊന്നുകാരിയായ ഫാത്തിമയാണ് മരിച്ചത്. പനി കടുത്തിട്ടും വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാത്തതാണ് മരണത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്ക്ക് ശക്തമായ പനി ഉണ്ടായിരുന്നു. എന്നാല്‍ അസുഖത്തിന് ശരിയായ രീതിയിലുള്ള ചികിത്സ വീട്ടുകാര്‍ നല്‍കിയിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോട് കൂടിയാണ് ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു എന്ന് ആശുപത്രി കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സ നല്‍കേണ്ടതില്ല, പകരം മതപരമായ ചികിത്സകള്‍ നല്‍കിയാല്‍ മതി എന്ന് വിശ്വസിക്കുന്ന കുടുംബക്കാരാണ് ഫാത്തിമയുടേത്. ഇതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഫാത്തിമയുടെ കുടുംബത്തില്‍ നേരത്തെയും ഇത്തരത്തില്‍ ഒരു ബന്ധു ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.