'പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല'; 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചെന്ന് കെപി അനില്‍ കുമാര്‍

എന്റെ തലയറുക്കാന്‍ വേണ്ടി കാത്തുനില്‍ക്കുന്നവരാണ് പാര്‍ട്ടി നേതൃത്വത്തിലുള്ളത്. അവരുടെ പിന്നില്‍ നിന്നുള്ള കുത്തേറ്റ് മരിക്കാന്‍ താന്‍ തയ്യാറല്ല.
അനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തിനിടെ
അനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തിനിടെ

കോഴിക്കോട്: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി  കെപി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടു.  43 വര്‍ഷമായി കോണ്‍ഗ്രസുമായുള്ള ബന്ധം  അവസാനിപ്പിക്കുന്നതായി അനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രാവിലെ എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് കെ സുധാകരനും രാജിക്കത്ത് ഇമെയില്‍ വഴി അയച്ചതായും അനില്‍കുമാര്‍ പറഞ്ഞു. 

''എന്റെ തലയറുക്കാന്‍ വേണ്ടി കാത്തുനില്‍ക്കുന്നവരാണ് പാര്‍ട്ടി നേതൃത്വത്തിലുള്ളത്. അവരുടെ പിന്നില്‍ നിന്നുള്ള കുത്തേറ്റ് മരിക്കാന്‍  തയ്യാറല്ല.''-അനില്‍കുമാര്‍ പറഞ്ഞു.

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്റെ കൈയും പിടിച്ച് കോഴിക്കോട്ടെ കോണ്‍ഗ്രസിന്റെ അവസാന മേയറായ സിജെ റോബിന് വേണ്ടി വോട്ട് പിടിച്ച് തുടങ്ങിയ രാഷ്ട്രീയമാണ് തന്റെതെന്ന് അനില്‍കുമാര്‍ പറഞ്ഞു. കെഎസ് യു, യൂത്ത് കോണ്‍ഗ്രസിലൂടെയാണ് താന്‍ പാര്‍ട്ടിയിലെത്തിയത്. നാല് വര്‍ഷക്കാലം കെഎസ് യുവിന്റെ ജില്ലാ ട്രഷററായും 10 വര്‍ഷം പ്രസിഡന്റായും സേവനം അനുഷ്ടിച്ചു. 2002 മുതല്‍ അഞ്ച് വര്‍ഷക്കാലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഗ്രൂപ്പില്ലാതെ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിനെ നയിക്കാനും കഴിഞ്ഞു. 

ഗ്രൂപ്പില്ലാത്തതിനെ തുടര്‍ന്ന് 5 വര്‍ഷക്കാലം തന്നെ പാര്‍ട്ടിയുടെ അയ്ല്‍പ്പക്കത്തേക്ക് പോലും അടുപ്പിച്ചില്ല.  രമേശ് ചെന്നിത്തല പ്രസിഡന്റായപ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നാല് പ്രസിഡന്റുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 2021 കൊയിലാണ്ടിയില്‍ താനാണ് സ്ഥാനാര്‍ഥിയാവുകയെന്ന വ്യാപകപ്രചാരണം ഉണ്ടായിരുന്നു. സീറ്റ് നിഷേധിച്ചപ്പോള്‍ പാര്‍ട്ടിക്കെതിരെ താന്‍ എന്തെങ്കിലും പറഞ്ഞോ?.  മത്സരിക്കാനാഗ്രഹിച്ച സമയത്ത് സീറ്റ് നിഷേധിച്ചിട്ടും പാര്‍ട്ടിക്കെതിരെ നിന്നിട്ടില്ല. ഇപ്പോള്‍ തികച്ചും ഏകാധിപത്യപരമായ പ്രവണതയാണ് പാര്‍ട്ടിയില്‍ നടക്കുന്നത്.  ഒരു വിശദീകരണവും ചോദിക്കാതെയാണ് തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് സസ്‌പെന്റ് ചെയ്തത്‌
. 29ാം തിയതിയാണ് 28 ാംതീയതി പുറത്താക്കിയെന്ന് പറഞ്ഞ് ഇമെയില്‍ കിട്ടിയത്. ഏഴ് ദിവസത്തിനകം വിശദീകരണം കൊടുക്കണമെന്ന് പറഞ്ഞിട്ട് ആറാം ദിവസം കൊടുത്തു. അതിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് ഒന്നും പറയാന്‍ നേതൃത്വം തയ്യാറായിട്ടില്ല. പുതിയ നേതൃത്വം വന്ന ശേഷം ആളുകളെ നോക്കി നീതിനടപ്പാക്കുന്ന സാഹചര്യത്തിലാണ് താന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത്. ഇതോടെ 43 വര്‍ഷമായി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് കെപി അനില്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com