ടോള്‍ നിരക്ക് വര്‍ധിച്ചു; അധികം നല്‍കേണ്ടത് 10 രൂപ മുതല്‍ 65 രൂപ വരെ

വിവിധ മേഖലകളിൽ നികുതി വർധനവ് പ്രാബല്യത്തിൽ വരുന്നതിനൊപ്പം ടോൾ നിരക്കിലും പുതിയ സാമ്പത്തിക വർഷം വർധനവ്
പാലിയേക്കര ടോള്‍ പ്ലാസ/ ഫയല്‍ ചിത്രം
പാലിയേക്കര ടോള്‍ പ്ലാസ/ ഫയല്‍ ചിത്രം


കൊച്ചി: വിവിധ മേഖലകളിൽ നികുതി വർധനവ് പ്രാബല്യത്തിൽ വരുന്നതിനൊപ്പം ടോൾ നിരക്കിലും പുതിയ സാമ്പത്തിക വർഷം വർധനവ്. ദേശീയപാതകളിലെ ടോൾ നിരക്ക് 10 രൂപ മുതൽ 65 രൂപ വരെയാണ് വർധിപ്പിച്ചത്. 

പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ കാറിന് 135 രൂപ ആയിരുന്ന ടോൾ നിരക്ക്. ഇത് 150 രൂപയാക്കി ഉയർന്നു. പ്രദേശവാസികളിൽ നിന്നും സ്വകാര്യ ബസുകളിൽ നിന്നും സ്‌കൂൾ വാഹനങ്ങളിൽനിന്നും പന്നിയങ്കരയിൽ ടോൾ പിരിക്കുന്നില്ല.എല്ലാ വിഭാഗങ്ങളിലും ഏകദേശം 10 ശതമാനം വരെ വർധനയുണ്ടാകും. മാർച്ച് ഒമ്പതു മുതൽ ടോൾ പിരിവ് ആരംഭിച്ച പന്നിയങ്കരയിൽ പ്രതിഷേധങ്ങൾക്കിടയിലാണ് വീണ്ടും വർധിപ്പിക്കുന്നത്. 

മറ്റ് ടോൾ പ്ലാസകളിൽനിന്ന്‌ വ്യത്യസ്‌തമായി വൻതുകയാണ് നിലവിൽ പന്നിയങ്കരയിൽ ടോൾ ഈടാക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം നിലനിൽക്കുമ്പോഴാണ് വീണ്ടും ടോൾ നിരക്ക് വർധിപ്പിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് വർധനയില്ല. വാളയാറിലും 10 ശതമാനം നിരക്ക് വർധനവുണ്ട്. എന്നാൽ പാലിയേക്കരയിൽ ടോൾ നിരക്കിൽ ഇളവ് വേണമെന്ന ആവശ്യം സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ചിട്ടുണ്ട്. 

നികുതി ഭാരം കൂട്ടി പുതിയ സാമ്പത്തിക വര്‍ഷം

പുതിയ സാമ്പത്തിക വർഷത്തിന് ഇന്ന് ആരംഭമാകുന്നതോടെ ജനങ്ങൾക്ക് നികുതി ഭാരം കൂടുന്നത്. വെള്ളക്കരവും ഭൂനികുതിയും ഉൾപ്പടെ നിരവധി അടിമുടി വിലക്കയറ്റമാണ് കാത്തിരിക്കുന്നത്. 

കുടിവെള്ളത്തിനുള്ള നികുതിയുടെ അടിസ്ഥാന നിരക്കിൽ അഞ്ച് ശതമാനം വർധനയാണ് വരുന്നത്. ഇതോടെ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 41 പൈസയാകും. 4 രൂപ 20 പൈസയാണ് നിലവിലെ നിരക്ക്. ഇന്ധന, പാചകവാതക വിലക്കയറ്റങ്ങൾക്കൊപ്പമാണ് കുടിവെള്ള നിരക്കു വർധിക്കുന്നത്. ഗാർഹിക, ഗാർഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനമാണ് ജല അതോറിറ്റി നിരക്ക് വർധിപ്പിക്കുന്നത്.

വാഹന, ഭൂമി രജിസ്ട്രേഷൻ നിരക്കും കൂടി. സംസ്ഥാനത്ത് ഭൂമിയുടെ ന്യായ വില ഉയരും. ന്യായവിലയിൽ പത്തു ശതമാനം വർധന. ഇതോടെ ഭൂമി രജിസ്ട്രേഷൻ ചെലവും ഉയരും. സംസ്ഥാനത്ത് പുതിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത നികുതിയും നിലവിൽ വന്നു.വാഹന രജിസ്ട്രേഷൻ , ഫിറ്റ്നസ് നിരക്കുകളും കൂടി. രാജ്യത്ത് ഡിജിറ്റൽ ആസ്തികൾക്ക് ഇന്ന് മുതൽ മുപ്പതു ശതമാനം നികുതി ഉണ്ട്. ക്രിപ്റ്റോ കറൻസി അടക്കം എല്ലാ വെർച്വൽ ഡിജിറ്റൽ ഇടപാടുകൾക്കും ഇത് ബാധകമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com