പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തി; പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ വിഴുങ്ങേണ്ടിവന്നു; വീണ്ടും വിമര്‍ശനമായി യു പ്രതിഭ

അതാരാണെന്ന് അവര്‍ക്കറിയാം. ഭീരുക്കളായത് കൊണ്ടാണ് അവരുടെ പേര് പറയാത്തത്. നേരെ നിന്ന് ആക്രമിക്കുന്നവരോടാണ് ബഹുമാനമാണെന്നും യു പ്രതിഭ പറഞ്ഞു
യു പ്രതിഭ /ചിത്രം ഫെയ്‌സ്ബുക്ക്
യു പ്രതിഭ /ചിത്രം ഫെയ്‌സ്ബുക്ക്

ആലപ്പുഴ: സിപിഎമ്മിനെതിരെ വീണ്ടും വിമര്‍ശനവുമായി യു പ്രതിഭ എംഎല്‍എ.  പാര്‍ട്ടിയിലെ ഭീരുക്കളാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. അതാരാണെന്ന് അവര്‍ക്കറിയാം. ഭീരുക്കളായത് കൊണ്ടാണ് അവരുടെ പേര് പറയാത്തത്. നേരെ നിന്ന് ആക്രമിക്കുന്നവരോടാണ് ബഹുമാനമാണെന്നും യു പ്രതിഭ പറഞ്ഞു. 

കേഡര്‍ പാര്‍ട്ടിയില്‍ നിന്ന് പരസ്യമായി പ്രതികരിക്കുന്നത് വ്യത്യസ്ത നിലപാട് ഉള്ളത് കൊണ്ടാണ്. പലപ്പോഴും പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തലുകളുണ്ടായി. പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ വിഴുങ്ങേണ്ടതായി വന്നിട്ടുണ്ടെന്നും യു പ്രതിഭ പറഞ്ഞു.

കായംകുളം നിയോജക മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഖേദപ്രകടനം നടത്തിയ ശേഷം യു.പ്രതിഭ എംഎല്‍എ സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചിരുന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരായ കുറിപ്പ് വ്യക്തിപരമായ മനോവിഷമത്തെ തുടര്‍ന്നായിരുന്നുവെന്ന് പ്രതിഭ കുറിപ്പില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാക്കിയതില്‍ വ്യക്തിപരമായി ദുഃഖമുണ്ടെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും അവര്‍ കുറിച്ചു. കുറച്ചുകാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നും പ്രതിഭ അറിയിച്ചിരുന്നു. തുടര്‍ന്നാണ് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പ്രതിഭ ഡീ ആക്ടിവേറ്റ് ചെയ്തത്.

കായംകുളത്ത് വോട്ട് ചോര്‍ന്നെന്നും അതു പാര്‍ട്ടി അന്വേഷിച്ചില്ലെന്നും തനിക്കെതിരെ കുതന്ത്രം മെനഞ്ഞ നേതാക്കള്‍ സര്‍വസമ്മതരായി തുടരുന്നു എന്നുമാണ് ഫെയ്‌സ്ബുക്കില്‍ പ്രതിഭ കുറിച്ചത്. കായംകുളം ഏരിയ കമ്മിറ്റിക്കും സിപിഎം നേതൃത്വത്തിലുള്ള കായംകുളം നഗരസഭാ ഭരണത്തിനും എതിരെ അതില്‍ പരാമര്‍ശങ്ങളുണ്ട്. ഇതേത്തുടര്‍ന്നാണ് ജില്ലാ നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടത്.

വിശദീകരണം നല്‍കിയില്ലെങ്കില്‍ സംഘടനാ നടപടിയുണ്ടാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഫെയ്‌സ്ബുക്കിലൂടെ തന്നെ പ്രതിഭ ഖേദപ്രകടനം നടത്തിയത്. വ്യക്തിപരമായ ഒരു മാനസികാവസ്ഥയിലാണ് കുറിപ്പിട്ടതെന്നും ജീവനുതുല്യം സ്‌നേഹിക്കുന്ന തന്റെ പാര്‍ട്ടിക്ക് അപ്രിയവും അഹിതവുമായി ഒന്നും ഉണ്ടാകില്ലെന്നും അവര്‍ കുറിച്ചു. തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com