തിരുവനന്തപുരം: ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടന തന്നെയാണെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. പോഷക സംഘടനയാണെന്ന് എഐസിസിയും കെപിസിസിയും അംഗീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസും ഐഎന്‍ടിയുസിയും രണ്ടല്ല. ഐഎന്‍ടിയുസി പോഷകസംഘടനയാണോ എന്നറിയാന്‍ ചരിത്രം പഠിക്കണമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
വി ഡി സതീശന്‍ പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ചന്ദ്രശേഖരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളായ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, ആചാര്യ കൃപലാനി അടക്കമുള്ളവര്‍ പങ്കെടുത്തുകൊണ്ടാണ് ഐഎന്‍ടിയുസിക്ക് രൂപം നല്‍കുന്നത്. അത്രമാത്രം കോണ്‍ഗ്രസുമായി ഇഴുകി ചേര്‍ന്ന പ്രസ്ഥാനമാണത്.
ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സര്‍ക്കുലറിലും വെബ്‌സൈറ്റിലും ഐഎന്‍ടിയുസി അവരുടെ പോഷക സംഘടനയുടെ ലിസ്റ്റില്‍ തന്നെയാണ്. കെപിസിസി ഔദ്യോഗികമായി ഇറക്കിയിട്ടുള്ള സര്‍ക്കുലറിലും ഐഎന്‍ടിയുസി പ്രധാനപ്പെട്ട പോഷകസംഘടന തന്നെയാണ്. സത്യഗ്രഹവും സമരവും അടക്കം എന്ത് പ്രക്ഷോഭം നടത്തിയാലും കുറച്ചുപേര്‍ക്കെങ്കിലും അസൗകര്യവും വരും. ദേശീയ പണിമുടക്കില്‍ തൊഴിലാളികള്‍ പണിമുടക്കുകയാണ് ചെയ്തത്. അതില്‍ അസൗകര്യം വന്നാല്‍ തൊഴിലാളികളെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.
ഏതൊരു സമരവും വിജയിക്കുന്നതിന് അടിസ്ഥാനപരമായി ശക്തി പകരുന്നത് പണിയെടുക്കുന്ന തൊഴിലാളികളാണ്. എല്ലാ മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ ശക്തിയാണ് ഏതൊരു മൂവ്‌മെന്റിനെയും മുന്നോട്ടു കൊണ്ടുപോകുന്നത്. എല്ലാവരും സമരങ്ങളും പ്രതിഷേധങ്ങളും ശക്തമായ മുന്നേറ്റങ്ങളുമൊക്കെ നടത്തി പൊതുപ്രവര്‍ത്തനത്തില്‍ വന്നവരാണെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു.
രാവിലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായും ആര്‍ ചന്ദ്രശേഖരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വി ഡി സതീശന്‍ പ്രസ്താവന തിരുത്തമെന്ന് ചന്ദ്രശേഖരന്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചു. സതീശന്റെ പ്രതികരണം വിഷമിപ്പിക്കുന്നതാണ്. സതീശനെതിരായ പ്രകടനം വികാരം വ്രണപ്പെട്ടവരുടെ സ്വഭാവിക പ്രതികരണമാണ്. തൊഴിലാളികളുടെ വികാരം മനസിലാക്കണമെന്നും ചന്ദ്രശേഖരന്‍ കെപിസിസി പ്രസിഡന്റിനെ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates