സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കില്ല: ധനമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2022 03:18 PM  |  

Last Updated: 04th April 2022 03:18 PM  |   A+A-   |  

balagopal

മന്ത്രി കെ എന്‍ ബാലഗോപാല്‍, ഫയല്‍

 

തിരുവനന്തപുരം: ഓരോ ദിവസം കഴിയുന്തോറും ഇന്ധനവില കുതിച്ചുയരുന്നത് തുടരവേ, സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെട്രോള്‍, ഡീസല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രം നല്‍കുന്ന നികുതിവിഹിതം കുറവാണ്. ഈ പശ്ചാത്തലത്തില്‍ പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാനത്തിന് സാധിക്കുകയില്ലെന്ന് ബാലഗോപാല്‍ അറിയിച്ചു.

സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട നികുതിവിഹിതം കേന്ദ്രം തരുന്നില്ല. 17000 കോടി രൂപ ഇത്തരത്തില്‍ സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. അതിനാല്‍ ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് ലഭിക്കുന്ന വരുമാനം ഒഴിവാക്കാന്‍ സാധിക്കുകയില്ല. കേന്ദ്രം വില കൂട്ടിയിട്ട് സംസ്ഥാനം കുറയ്ക്കണമെന്നാണ് പറയുന്നതെന്നും ബാലഗോപാല്‍ വിമര്‍ശിച്ചു.

രാജ്യത്ത് ഇന്ന് പെട്രോള്‍ ലിറ്ററിന് 44 പൈസയാണ് വര്‍ധിച്ചത്. ഡീസല്‍ വിലയിലും ലിറ്ററിന് 42 പൈസ കൂടി. 15 ദിവസത്തിനിടെ 9.15 രൂപയാണ് പെട്രോളിന് കൂടിയത്. ഡീസലിന് 8.81രൂപയാണ് 15 ദിവസത്തിനിടെ കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 116 രൂപയ്ക്കടുത്തെത്തി. ഡീസലിന് 102 രൂപ കടന്നു.

ഇന്ന് പെട്രോള്‍ വില തിരുവനന്തപുരത്ത് 115.54 രൂപ, കൊച്ചിയില്‍ 113.46 രൂപ കോഴിക്കോട് 113.63 എന്നിങ്ങനെയാണ്. ഡീസല്‍ വില തിരുവനന്തപുരത്ത് 102.25, കൊച്ചിയില്‍ 100.40, കോഴിക്കോട് 100.58 എന്നിങ്ങനെയാണ്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.

ഒരു വാര്‍ത്ത കൂടി

ഫോട്ടോഷൂട്ടിനിടെ കാല്‍വഴുതി പുഴയില്‍ വീണു, നവവരന്‍ മുങ്ങിമരിച്ചു; ഭാര്യ പരിക്കുകളോടെ രക്ഷപ്പെട്ടു