രമേശനും ചക്കരയും
രമേശനും ചക്കരയും

'ചക്കര' കുറച്ചുകാലം കൂടി ഞങ്ങളുടെ കൂടെ നിന്നിരുന്നെങ്കിൽ...'- ഹൃദയം നുറുങ്ങുന്ന വേദനയിൽ രമേശൻ; ആ മാൻ കുഞ്ഞ് കാടിന്റെ വന്യതയിലേക്ക്...

ആദിവാസി യുവാവ് പരിപാലിച്ചിരുന്ന മൂന്ന് മാസം പ്രായമുള്ള പുള്ളിമാൻ കുഞ്ഞിനെ വനത്തിലേക്ക് തുറന്നുവിട്ടു
Published on

കൽപ്പറ്റ: ആദിവാസി യുവാവ് പരിപാലിച്ചിരുന്ന മൂന്ന് മാസം പ്രായമുള്ള പുള്ളിമാൻ കുഞ്ഞിനെ വനത്തിലേക്ക് തുറന്നുവിട്ടു. വയനാട്ടിലെ മീനങ്ങാടിയിലുള്ള മടൂർ കാട്ടുനായ്ക്ക ആദിവാസി കോളനിയിലെ 26കാരൻ രമേശനാണ് ഹൃദയം നുറുങ്ങുന്ന വേദനയോടെയാണെങ്കിലും 'ചക്കര'യെന്ന പേരുള്ള പുള്ളിമാൻ കുഞ്ഞിനെ വിട്ടുകൊടുത്തത്. 

ദിവസ വേതന തൊഴിലാളിയായ രമേശന് ഫെബ്രുവരിയിലാണ് മാൻ കുഞ്ഞിനെ കിട്ടിയത്. തന്റെ വീടിനടുത്തുള്ള തോട്ടത്തിലേക്കുള്ള വഴിയിൽ വച്ചാണ് പരിക്കേറ്റ നിലയിൽ കുഞ്ഞിനെ ആദ്യം കണ്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരികെ മടങ്ങുമ്പോഴും മാനിനെ അവിടെ തന്നെ കണ്ടു. നടക്കാൻ പോലുമാകാത്ത മാൻ കുഞ്ഞിനെ രമേശൻ തന്റെ വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. 

താമസിയാതെ തന്നെ രമേശൻ മാനിനെ വളർത്തുന്ന വാർത്ത വൈറലായി മാറി. പിന്നാലെയാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി മാനിനെ ഇരുളം വനത്തിലേക്ക് തുറന്നുവിട്ടത്. 

രണ്ട് മാസത്തോളം മാൻ കുഞ്ഞിനെ പരിപാലിച്ച രമേശന് ഉൾക്കൊള്ളാൻ സാധിക്കില്ലായിരുന്നു ഉദ്യോ​ഗസ്ഥരുടെ നിലപാട്. എങ്കിലും നിയമം അനുസരിക്കാൻ യുവാവ് തയ്യാറാകുകയായിരുന്നു. 'ചക്കര കുറച്ചുകാലം കൂടി ഞങ്ങളുടെ കൂടെ നിന്നിരുന്നെങ്കിൽ... പാൽ കുടിക്കുന്നത് നിർത്തുന്നത് വരെയെങ്കിലും'- എന്ന് രമേശൻ പറയുന്നു. 

'വനം വകുപ്പ് ഉദ്യോഗസ്ഥർ പെട്ടെന്നാണ് എത്തിയത്. അവനെ കൈമാറാൻ ഞങ്ങൾ മാനസികമായി തയ്യാറായിരുന്നില്ല. ചക്കര സുന്ദരനായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായി മാറിക്കഴിഞ്ഞിരുന്നു'- രമേശൻ പറയുന്നു. വന ഭൂമിയിലെ ചെറിയ വീട്ടിലാണ് രമേശനൊപ്പം ചക്കരയും താമസിച്ചത്. 

ചത്തു പോകുമെന്ന സ്ഥിതിയിലായിരുന്ന മാൻ കുഞ്ഞിനെ പൊന്നു പോലെ നോക്കിയ രമേശൻ അതിനെ മേയ്ക്കാനും മറ്റും കൊണ്ടു പോകുമായിരുന്നു. നായ്ക്കളുടെ ആക്രമണത്തിൽ നിന്നു അതിനെ രക്ഷിക്കാൻ യുവാവ് കാവൽ വരെ നിന്നു. രമേശന്റെ ദയ ഇല്ലായിരുന്നുവെങ്കിൽ മാൻകുഞ്ഞ് ചത്തു പോകുമായിരുന്നുവെന്ന് വെറ്ററിനറി ഡോക്ടർ വനം വകുപ്പ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.

'നിയമങ്ങൾ നിയമങ്ങളാണ്. രമേശൻ മാൻ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു. പക്ഷേ, നിയമപ്രകാരം ഒരു വന്യമൃഗത്തെ വീട്ടിൽ വളർത്താൻ കഴിയില്ല'- ചെതലയം ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെവി ആനന്ദൻ പറഞ്ഞു.

വെറ്ററിനറി ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയതിന് പിന്നാലെ 24 മണിക്കൂർ നിരീക്ഷണത്തിനും ശേഷമാണ് വനം വകുപ്പ് മാനിനെ തുറന്നുവിട്ടത്. മാൻ കുട്ടി ആരോ​ഗ്യം വീണ്ടെടുത്തതായും അതു പുല്ലു തിന്നുണ്ടെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com