സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ലക്ഷ്യം അഴിമതി മാത്രം; നിലപാട് വ്യക്തമാക്കണം: യെച്ചൂരിക്ക് സതീശന്റെ കത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th April 2022 07:26 PM |
Last Updated: 05th April 2022 07:35 PM | A+A A- |

വി ഡി സതീശന്‍, യെച്ചൂരി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും അഴിമതി നടത്തുകയും മാത്രമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കത്തില്‍ ആരോപിക്കുന്നു. സില്‍വര്‍ ലൈനിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ന്നു വരാനുള്ള സാധ്യതയുണ്ടെന്നിരിക്കെയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് വി ഡി സതീശന്‍ കത്തയച്ചിരിക്കുന്നത്.
ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര നിലപാടില്‍നിന്ന് വ്യതിചലിച്ച് തീവ്ര വലതുപക്ഷ നിലപാടുകളാണ് കേരളത്തിലെ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് രണ്ട് ലക്ഷം കോടിയിലധികം ചിലവ് വരുന്ന പദ്ധതി താങ്ങാനാകില്ല. പാരിസ്ഥിതികമായും സാമൂഹികമായും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. മാത്രമല്ല സാധാരണക്കാരന്റെ ആശ്രയമായ പൊതു ഗതാഗത സംവിധാനത്തിന്റെ ചിലവ് കൂടാനും സില്‍വര്‍ ലൈന്‍ പദ്ധതി വഴിയൊരുക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മുബൈ - അഹമ്മദാബാദ് അതിവേഗ റെയില്‍വെയെ നഖശിഖാന്തം എതിര്‍ക്കുന്ന സി.പി.എം, സില്‍വര്‍ ലൈന്‍ പദ്ധതിയെ പിന്തുണക്കുന്നത് എങ്ങനെയെന്നും യെച്ചൂരിക്ക് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കും?; ആകാംക്ഷയുണര്‍ത്തി സിപിഎം അറിയിപ്പ്