കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കും?; ആകാംക്ഷയുണര്‍ത്തി സിപിഎം അറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th April 2022 07:06 PM  |  

Last Updated: 05th April 2022 07:12 PM  |   A+A-   |  

kv thomas

കെ വി തോമസ് / ഫയല്‍ ചിത്രം

 

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന്റെ പേരും ഉള്‍പ്പെടുത്തി. കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്ന അഭ്യൂഹം ഉയര്‍ത്തിയാണ് പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ നിന്ന് നേതാക്കളെ എഐസിസി വിലക്കിയിരുന്നു. 

ശശി തരൂരിന്റെ പേര് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തരൂര്‍ പങ്കെടുക്കേണ്ട സെമിനാറിലാണ് കെവി തോമസിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസില്‍ നിന്ന് ശശി തരൂരിനെയും കെ വി തോമസിനെയുമാണ് സിപിഎം ക്ഷണിച്ചിരുന്നത്. ഇതിന് പിന്നാലെ, പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നേതാക്കളെ വിലക്കി കെപിസിസി രംഗത്തെത്തി. 

തുടര്‍ന്ന് ഇവര്‍ എഐസിസിയുടെ അനുമതി തേടുകയായിരുന്നു. എന്നാല്‍ സിപിഎമ്മുമായി സഹകരിക്കേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ തീരുമാനം. 

വിലക്ക് ലംഘിച്ച് പരിപാടിയില്‍ പങ്കെടുത്താല്‍ നടപടിയുണ്ടാകുമെന്ന് നേതാക്കള്‍ക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ഈ വാര്‍ത്തകൂടി വായിക്കാം കലക്കവെള്ളത്തില്‍ കുളിച്ച് കൗണ്‍സിലര്‍മാര്‍, മേയറുടെ വാഹനം തടഞ്ഞു; തൃശൂരില്‍ പ്രതിഷേധം- വീഡിയോ 

സമകാലികമലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ